കര്‍ണാടകയില്‍ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളലിന് സാധ്യത
സഖ്യസര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്ക് തടയിടാന്‍ സഖ്യ ധാരണകള്‍ക്ക് വിരുദ്ധമായി പ്രസ്താവനകളും നീക്കങ്ങളും നടത്തരുതെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരുന്നു.
ബംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളലിന് സാധ്യത. കര്‍ണാടകയില്‍ ബിജെപി മുന്നേറ്റം സാധ്യമായതോടെ കുതിരക്കച്ചവടം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന അവകാശവാദവുമായി യദ്യൂരപ്പ രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയും ജനതാദള്‍ (എസ്) നേതാവുമായ എച്ച് ഡി കുമാരസ്വാമി പങ്കെടുകാത്തത് സഖ്യത്തില്‍ വിള്ളലുകള്‍ വന്നതായാണ് സൂചന.
സഖ്യസര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്ക് തടയിടാന്‍ സഖ്യ ധാരണകള്‍ക്ക് വിരുദ്ധമായി പ്രസ്താവനകളും നീക്കങ്ങളും നടത്തരുതെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം കര്‍ണാടകയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇരു പാര്‍ട്ടികളും. എന്നാല്‍ സീറ്റ് വിഭജനത്തിലെ പാളിച്ചയും താഴെത്തട്ടില്‍ തുടരുന്ന ജെഡിഎസ്-കോണ്‍ഗ്രസ് തര്‍ക്കങ്ങളും തിരിച്ചടിയായി. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ എംഎല്‍എമാര്‍ കൂറുമാറാനുള്ള സാധ്യതയും ശക്തമാണ്.
ആകെയുള്ള 224 സീറ്റില്‍ കോണ്‍ഗ്രസ് 78, ജനതാദള്‍ എസ് 37, ബിജെപി 104, ബിഎസ്പി1, മറ്റുള്ളവര്‍2 എന്നിങ്ങനെയാണ് കക്ഷിനില. കേവല ഭൂരിപക്ഷമായ 113 സീറ്റിലേക്കെത്താന്‍ ബിജെപിക്ക് ഒമ്പത് സീറ്റുകള്‍കൂടി മതി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും ബിജെപി പിടിച്ചെടുത്താല്‍ പ്രതിസന്ധി കനക്കുമെന്ന് ഉറപ്പാണ്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചിഞ്ചോലിയില്‍ ബിജെപി ആധികാരികമായ ലീഡ് ഇപ്പോള്‍ നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ കുണ്ട്‌ഗോലില്‍ രണ്ടായിരം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രം തെളിഞ്ഞതോടെ മന്ത്രിമാരുടെ അടിയന്തിര യോഗം മുഖ്യമന്ത്രി കുമാരസ്വാമി വിളിച്ച് ചേര്‍ത്തിട്ടുണ്ട്.അതേസമയം മധ്യപ്രദേശിലേയും കോണ്‍ഗ്രസ് ഭരണം പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നിരവധി എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന ആരോപണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.