ഓപറേഷന്‍ ഗംഗ അവസാന ഘട്ടത്തിലേക്ക്; യുക്രെയ്‌നിലെ ഇന്ത്യക്കാരോട് ബുഡാപെസ്റ്റില്‍ എത്തണമെന്ന് ഇന്ത്യന്‍ എംബസി
ന്യൂഡല്‍ഹി; സംഘര്‍ഷം മൂര്‍ച്ഛിച്ച യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരോട് ബുഡാപെസ്റ്റില്‍ എത്തണമെന്ന് ഇന്ത്യന്‍ എംബസി. ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കുന്ന ഓപറേഷന്‍ ഗംഗ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെത്തിച്ചേരാന്‍ എംബസി നിര്‍ദേശിരിക്കുന്നത്. താമസസ്ഥലങ്ങളില്‍ കഴിഞ്ഞുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളടക്കമുളളവര്‍ സ്വന്തം നിലയില്‍ ബുഡാപെസ്റ്റിലെ ഹംഗേറിയന്‍ സിറ്റി സെന്ററില്‍ പത്തുമണിക്കും ഉച്ചയ്ക്കുമിടയിലാണ് എത്തേണ്ടത്.
ഓപ്പറേഷന്‍ ഗംഗയുടെ അവസാന ഘട്ടം ഇന്ന് ആരംഭിക്കും. സ്വന്തം താമസസ്ഥലത്ത് താമസിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (എംബസി ഏര്‍പ്പാടാക്കിയത് ഒഴികെ) @Hungariactiycetnre, Rakoczi Ut 90, Budapest എന്ന വിലാസത്തില്‍ രാവിലെ 10നും 12നും ഇടയില്‍ എത്തിച്ചേരാന്‍ അഭ്യര്‍ത്ഥിക്കുന്നു- എംബസി ട്വീറ്റ് ചെയ്തു.
സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരോട് ഗൂഗിള്‍ ഫോം പൂരിപ്പിച്ചു നല്‍കാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
യുക്രെയ്‌നിലെ സംഘര്‍ഷബാധിത പ്രദേശത്ത് നൂറ് കണക്കിനു പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ അയല്‍രാജ്യങ്ങളിലെത്തിക്കാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് നേരത്തെ കേന്ദ്ര വിദേശകാര്യവകുപ്പ് അറിയിച്ചിരുന്നു.
ഇതുവരെ 13,300 പേരാണ് യുക്രെയ്‌നില്‍ നിന്ന് ഇന്ത്യയിലെത്തിയത്. 63 വിമാനങ്ങള്‍ ഇതിനുവേണ്ടി സര്‍വീസ് നടത്തി.
24 മണിക്കൂറിനുള്ളില്‍ 15 വിമാനങ്ങള്‍ സര്‍വീസ് നടത്തി. 2,900 പേരാണ് 24 മണിക്കൂറിനുളളില്‍ എത്തിയത്.