കൊവിഡ് മുക്തയായ ഗര്‍ഭിണിക്ക് ചികില്‍സ നിഷേധിച്ചു; പ്രസവത്തിനിടെ ഇരട്ടക്കുട്ടികള്‍ മരിച്ചു

Update: 2020-09-27 15:36 GMT

മലപ്പുറം: കൊവിഡ് മുക്തയായ പൂര്‍ണഗര്‍ഭിണിക്ക് ആശുപത്രികള്‍ ചികില്‍സ നിഷേധിച്ചു. ഒടുവില്‍ കിലോമീറ്ററുകള്‍ അകലെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രസവത്തിനിടെ ഇരട്ടക്കുട്ടികള്‍ മരിച്ചു. മലപ്പുറം കിഴിശ്ശേരിയിലെ എന്‍ സി ഷെരീഫിന്റെ ഭാര്യ സഹലയുടെ ഇരട്ടക്കുട്ടികളാണ് മരണപ്പെട്ടത്. നേരത്തേ കൊവിഡ് ബാധിച്ചിരുന്ന യുവതിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയപ്പോള്‍ പ്രവേശിപ്പിച്ചിരുന്നില്ല. ഇവിടെ കൊവിഡ് ആശുപത്രിയാണെന്നു പറഞ്ഞാണ് തിരിച്ചയച്ചത്. പിന്നീട് സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ മൂന്നോളം ആശുപത്രികളിലെത്തിയെങ്കിലും ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് 14 മണിക്കൂറോളം വാഹനത്തില്‍ അലയുകയായിരുന്നു. ആന്റിജന്‍ ടെസ്റ്റില്‍ ഇവര്‍ക്ക് നെഗറ്റീവായിരുന്നു. എന്നാല്‍, കൊവിഡ് മുക്തയാണെന്ന ആര്‍ടി പിസിആര്‍ ഫലം വേണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. ഇന്നലെ പുലര്‍ച്ചെ നാലിനു മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെത്തിയ യുവതിയെ 14 മണിക്കൂര്‍ കഴിഞ്ഞാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇവിടെ പ്രവേശിപ്പിച്ചെങ്കിലും പ്രസവത്തിനിടെ രണ്ടു കുട്ടികളും മരണപ്പെട്ടതായി അധികൃതര്‍ അറിയിക്കുകയായിരുന്നു. ചികില്‍സ വൈകിയതാണ് മരണകാരണമെന്ന് ബന്ധുക്കളും ആരോപിച്ചു. സംഭവത്തില്‍ വീഴ്ച പരിശോധിക്കുമെന്നും റിപോര്‍ട്ട് തേടിയതായും മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു.

Treatment denies to Covid free pregnant woman; Twins died during childbirth





Tags:    

Similar News