പ്രതിപക്ഷ ബഹളത്തിനിടെ മുത്തലാഖ് ബില്ല് ലോക്‌സഭയില്‍ പാസായി

303 പേര്‍ ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു. എട്ടു പേര്‍ മാത്രമാണ് എതിര്‍ത്തത്.

Update: 2019-07-25 13:08 GMT

ന്യൂഡല്‍ഹി: ബില്ല് സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കാതെ മുത്തലാഖ് ബില്ല് ലോക്‌സഭ പാസാക്കി. 303 പേര്‍ ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു. എട്ടു പേര്‍ മാത്രമാണ് എതിര്‍ത്തത്.

കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പോലിസ് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. മൂന്ന് ത്വലാഖും ഒറ്റയടിക്ക് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് ബില്ലിനെക്കുറിച്ച് കേന്ദ്രവും പ്രതിപക്ഷ കക്ഷികളും തമ്മില്‍ ചൂടേറിയ ചര്‍ച്ചയാണ് സഭയില്‍ നടന്നത്. ബില്ല് രാഷ്ട്രീയപ്രേരിതമാണെന്നും സുപ്രിം കോടതി നിയമത്തിനെതിരാണെന്നും പ്രതിപക്ഷം ആരോപിച്ചു.

സിവില്‍ വിഷയം ക്രിമിനല്‍ വിഷയമാക്കുന്നതു ശരിയല്ലെന്ന് ഡിഎംകെ നേതാവ് കനിമൊഴി പറഞ്ഞു. മുസ്‌ലിം പുരുഷന്മാരെ കുരുക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണു ബില്ലെന്ന് ആര്‍എസ്പി നേതാവ് എം കെ പ്രേമചന്ദ്രന്‍ ആരോപിച്ചു. മുത്തലാഖ് ക്രമിനില്‍ കുറ്റമാക്കുന്ന വകുപ്പ് പോലിസ് ദുരുപയോഗം ചെയ്യുമെന്ന് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു. അതിനെതിരേ ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ബില്ലിന്റെ ലക്ഷ്യത്തെ മാനിക്കുന്നുവെന്നും എന്നാല്‍, അതിലുള്ള ചില പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണെന്നും എന്‍ഡിഎ സഖ്യകക്ഷിയായ ബിജെഡി എംപി അനുഭവ് മൊഹന്തി പറഞ്ഞു. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് മുത്തലാഖ് ബില്ല് രാജ്യസഭയില്‍ പാസാകാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കുകയായിരുന്നു. 

Tags:    

Similar News