കെ എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം; സര്‍ക്കാറിന്റെ തണലില്‍ സുഖലോലുപനായി ഐഎഎസ് കൊലയാളി
നരഹത്യ കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതിയായ വഫയും ഈ മാസം ഒന്‍പതിന് ഹാജരാകാന്‍ ഉത്തരവിട്ടിരിക്കുകയാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി.
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന വാഹനമിടിച്ച് കൊല്ലപ്പെട്ടിട്ട് രണ്ടു വര്‍ഷമാകുന്നു. കൊലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് സംസ്ഥാന സര്‍ക്കാറിന്റെ ഉന്നത പദവിയില്‍ തുടരുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ 1.30 നാണ് തിരുവനന്തപുരം പബ്ലിക് ഓഫിസിനു സമീപം വെച്ച് സിറാജ് പത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ ബൈക്കില്‍ സഞ്ചരിക്കവെ ശ്രീറാം ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ടത്. അപകടം നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്ന ശ്രീറാമിനൊപ്പം സുഹൃത്ത് വഫയുമുണ്ടായിരുന്നു. അമിത വേഗത്തിലെത്തിയ കാര്‍ കെ എം ബഷീറിനെ ഇടിച്ചിട്ടശേഷം പബ്ലിക് ഓഫിസിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്.
100 കിലോമീറ്ററിലേറെ വേഗത്തില്‍ സഞ്ചരിച്ച കാറിടിച്ചാണ് അപകടം സംഭവിച്ചതെന്നും അമിത വേഗമാണ് അപകട കാരണമെന്നും കണ്ടെത്തിയിരുന്നു. മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവു നശിപ്പിക്കലും ഉള്‍പ്പടെ ചുമത്തി കഴിഞ്ഞ ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ വിവിധ തടസവാദങ്ങള്‍ ഉന്നയിച്ച് കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്ന തന്ത്രമാണ് ശ്രീരാം വെങ്കിട്ടരാമന്‍ തുടരുന്നത്. ഏറ്റവും ഒടുവിലായി ഈ മാസം 9 ലേക്കാണ് കോടതി കേസ് നീട്ടിവെച്ചത്.
പലവട്ടം നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും വിവിധ ഒഴിവുകള്‍ പറഞ്ഞ് മാറിപ്പോകുകയായിരുന്നു. ഹാജരാകണമെന്നു കര്‍ശന നിര്‍ദേശമെത്തിയപ്പോള്‍ സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പ് കോടതിയില്‍ ആവശ്യപ്പെട്ടു. കോടതിയിലെത്തി ഇവ പരിശോധിക്കാനായിരുന്നു സിജെഎമ്മിന്റെ നിര്‍ദേശം. കേസിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാമിനെ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്ത് കൊവിഡ് പ്രതിരോധത്തിന്റെ ചുമതല നല്‍കി. പിറകെ കൊവിഡ് ഡാറ്റ മാനേജ്‌മെന്റ് ഓഫിസറായും നിയമിച്ചു.
നരഹത്യ കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതിയായ വഫയും ഈ മാസം ഒന്‍പതിന് ഹാജരാകാന്‍ ഉത്തരവിട്ടിരിക്കുകയാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് കേസ് സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് പ്രതികള്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.
അപകടം വരുത്തിയ ഉടന്‍ തന്നെ ശ്രീംരാമിന്റെ ഐഎഎസ് ബുദ്ധി കേസില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ തുടങ്ങിയിരുന്നു. െ്രെഡവിംഗ് സീറ്റില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തേക്കിറങ്ങി അപകടം നടന്ന സ്ഥലത്തു നിന്നും ബഷീറിനെ റോഡിലേക്ക് മാറ്റിക്കിടത്തിയെന്നും ആ സമയം ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും സാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. മദ്യലഹരിയില്‍ വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് പോയത് പരിശോധന വൈകിപ്പിക്കാനും രക്തത്തില്‍ മദ്യത്തിന്റെ അംശം കാണപ്പെടുന്നത് ഒഴിവാക്കാനുമായിരുന്നു. അതിനു പുറമെ കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന വഫ ആണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചും കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിച്ചു മ്യൂസിയം പോലീസ് ഇതിന് കൂട്ടുനിന്നു.
പോലീസുമായി ഒത്തുകളിച്ച് രക്തസാമ്പിള്‍ പരിശോധനക്ക് സമ്മതിക്കാതെ കിംസ് സ്വകാര്യ ആശുപത്രിയിലേക്ക് രക്ഷപ്പെട്ട ശ്രീരാമിന്റെ തന്ത്രം വിജയിച്ചു. അടുത്ത ദിവസം രാവിലെ ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുത്തെങ്കിലും മണിക്കൂറുകള്‍ വൈകിയുള്ള രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. അതേ സമയം ശ്രീരാം മദ്യലഹരിയിലായിരുന്നു എന്ന് ആദ്യം പരിശോധിച്ച ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. ഇതിനിടെ തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കെ എല്‍ 01ബി എം 360 നമ്പര്‍ വോക്‌സ് വാഗണ്‍ കാര്‍ ഓടിച്ചിരുന്നത് ശ്രീറാം ആണെന്ന് വഫ വ്യക്തമാക്കി. അതോടൊപ്പം ശക്തമായ സമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ജ്യുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ വഫയെ ഹാജരാക്കി പോലീസ് മൊഴി രേഖപ്പെടുത്തിയത്. ഇതേതുടര്‍ന്ന് മറ്റൊരു വഴിയും ഇല്ലാതെ വന്നപോഴാണ്
മ്യൂസിയം പോലീസ് ശ്രീരാമിനെ അറസ്റ്റ് ചെയ്തത്. മ്യൂസിയം പോലിസ് പ്രതികളുമായി ഒത്തു കളിച്ച് തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കേസന്വേഷണം പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചു.
പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ആറു മാസത്തിനൊടുവില്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അപകടസമയത്ത് താനല്ല കാര്‍ ഓടിച്ചിരുന്നതെന്നാണ് ശ്രീറാം അന്വേഷണ സംഘത്തിന് മുന്നിലും വകുപ്പ് തല അന്വേഷണ സമിതിക്ക് മുന്നിലും മൊഴി നല്‍കിയിരുന്നത്. ഇതെല്ലാം ഖണ്ഡിക്കുന്നതായിരുന്നു കുറ്റപത്രത്തിലെ ശാസ്ത്രീയമായ കണ്ടെത്തലുകള്‍. കാറിന്റെ അമിത വേഗതയും അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നുമുള്ള വസ്തുതയും ശാസ്ത്രീയമായ തെളിവുകള്‍ നിരത്തിയാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ബഷീറിന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം െ്രെഡവ് ചെയ്തിരുന്ന ഫോക്‌സ് വാഗണ്‍ വെന്റോ കാര്‍ സഞ്ചരിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന കണ്ടെത്തലാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. ഇതിനിടെ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ശിപാര്‍ശ ചെയ്തു കൊണ്ട് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എന്നാല്‍ ഇതിനെതിരെ സിറാജ് മാനേജ്‌മെന്റും കേരള പത്രപ്രവര്‍ത്തക യൂണിയനും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിച്ചു. ഇതേത്തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തളളി ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. 2020 ഫെബ്രുവരി ഒന്നിന് ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കിയും വഫയെ രണ്ടാം പ്രതിയാക്കിയും അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്ന് 2020 ഫെബ്രുവരി 24ന് ശ്രീറാം വെങ്കിട്ടരാമനും വഫയും നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. പ്രതികള്‍ രണ്ടു പേരും അന്ന് ഹാജരായില്ല. കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ അകാരണമായ ന്യായങ്ങള്‍ നിരത്തി കോടതിയില്‍ ഹാജരാകാതെ മാറി നില്‍ക്കാനാണ് ശ്രീറാം ശ്രമിച്ചത്. അപകടം സംഭവിച്ച ഉടന്‍ നടത്തിയ രക്ഷപ്പെടല്‍ തന്ത്രമാണ് കേസിന്റെ വിചാരണാ വേളയിലും ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീരാം വെങ്കിട്ടരാമന്‍ ആവര്‍ത്തിക്കുന്നത്. ചെയ്ത തെറ്റ് സമ്മതിക്കാനോ, നിയമത്തിനു മുന്നില്‍ അത് വ്യക്തമാക്കി ശിക്ഷ ഏറ്റുവാങ്ങാനോ തയ്യാറാകാതെ രക്ഷപ്പെടാനാണ് ശ്രീരാം വെങ്കിട്ടരാമന്‍ അവസാനം വരെ ശ്രമിച്ചത്.