ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്

Update: 2022-05-26 16:28 GMT

വാഷിങ്ടണ്‍ ഡിസി: ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന മുന്നറിയിപ്പുമായി ലോകബങ്ക്. ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാവുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ ബിസിനസ് സമ്മേളനത്തില്‍ സംസാരിക്കവെയാണ് ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന സൂചന നല്‍കിയത്. ലോക സമ്പദ്‌വ്യവസ്ഥ ചുരുങ്ങാന്‍ പോവുന്ന അപകടസാധ്യതയെക്കുറിച്ചുള്ള ഏറ്റവും പുതിയ മുന്നറിയിപ്പാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍.

കഴിഞ്ഞ മാസം ലോകബാങ്ക് ഈ വര്‍ഷത്തെ ആഗോള സാമ്പത്തിക വളര്‍ച്ചാ പ്രവചനം 3.2 ശതമാനമായി കുറച്ചിരുന്നു. കൊവിഡിനെത്തുടര്‍ന്ന് ചൈനയില്‍ തുടരുന്ന ലോക്ക് ഡൗണും റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശവും സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. യൂറോപ്പില്‍ ജര്‍മനി ഉള്‍പ്പെടെ പല ഭാഗങ്ങളിലും ഊര്‍ജപ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. വലിയ സാമ്പത്തിക രംഗങ്ങളെപ്പോലും ഇന്ധനത്തിന് വില ഉയരുന്നത് സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. ഭക്ഷണത്തിന്റെയും ഊര്‍ജത്തിന്റെയും ഇന്ധനത്തിന്റെയും ക്ഷാമം വികസ്വര രാജ്യങ്ങളെയും വലയ്ക്കുന്നുണ്ടെന്നും ലോകബാങ്ക് കണ്ടെത്തി.

ലോകബാങ്കിന് മുന്നിലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നുള്ള തിരിച്ചുവരവ് തൃപ്തികരമല്ലെന്നാണ്. ആഗോള വളര്‍ച്ചാ നിരക്ക് പരിശോധിക്കുമ്പോള്‍ മാന്ദ്യം ഒഴിവാക്കുമെന്നതിനെക്കുറിച്ച് പറയാന്‍ ബുദ്ധിമുട്ടാണ്. ഊര്‍ജവില ഇരട്ടിയാവുക എന്ന ആശയം തന്നെ മാന്ദ്യമുണ്ടാക്കാന്‍ പര്യാപ്തമാണ്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയെ ലോക്ക് ഡൗണുകള്‍ മാന്ദ്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. 2020 ലെ കൊവിഡിന്റെ തുടക്കത്തേക്കാള്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയെ പുതിയ ലോക്ക് ഡൗണുകള്‍ ബാധിച്ചതായി ബുധനാഴ്ച ചൈനീസ് പ്രധാനമന്ത്രി ലീ കെകിയാങ് വെളിപ്പെടുത്തിയിരുന്നു.

ലോക്ക് ഡൗണിന് ശേഷം ഫാക്ടറികള്‍ പുനരാരംഭിക്കുന്നതിന് ഉദ്യോഗസ്ഥര്‍ കൂടുതല്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഡസന്‍ കണക്കിന് ചൈനീസ് നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത് രാജ്യത്തുടനീളമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ മാന്ദ്യത്തിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയെ ഇന്ധനത്തിനായി പൂര്‍ണമായും ആശ്രയിച്ച യൂറോപ്പ്, അധിനിവേശവും അതേതുടര്‍ന്നുള്ള ഉപരോധവും മൂലം സമ്മര്‍ദത്തിലാണ്. ഭക്ഷണത്തിന്റെയും ഊര്‍ജത്തിെന്റയും ഇന്ധനത്തിന്റെയും ക്ഷാമം വികസ്വര രാജ്യങ്ങളെയും വലയ്ക്കുന്നുണ്ടെന്ന് ലോകബാങ്ക് വിലയിരുത്തി.

Tags:    

Similar News