രാജ്യത്ത് കൊടും സാമ്പത്തിക പ്രതിസന്ധിയെന്ന് നീതി ആയോഗ്

വാഹന വിപണിയില്‍ ഉള്‍പ്പെടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് നീതി ആയോഗിലെ പ്രധാനിയുടെ തുറന്നുപറച്ചിലെന്നതു ശ്രദ്ധേയമാണ്

Update: 2019-08-23 04:40 GMT

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോവുന്നതെന്നും പണലഭ്യതയുടെ വിഷയത്തില്‍ 70 വര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ലെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. വാഹന വിപണിയില്‍ ഉള്‍പ്പെടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് നീതി ആയോഗിലെ പ്രധാനിയുടെ തുറന്നുപറച്ചിലെന്നതു ശ്രദ്ധേയമാണ്. സാമ്പത്തികമേഖല ഒന്നാകെ മുരടിപ്പിലാണ്. സ്വകാര്യ മേഖലയുടെയും ആശങ്കകള്‍ കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കണം. ഇപ്പോള്‍ ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണെന്നും രാജീവ്കുമാര്‍ തുറന്നടിച്ചു. സ്വകാര്യ മേഖലയ്ക്കുള്ളിലും ആര്‍ക്കും ആരെയും വിശ്വാസമില്ല. പണം കൊടുക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. ഈ സാഹചര്യം മറികടക്കാന്‍ കേന്ദ്രം മുന്‍കൈയെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

    മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം(ജിഡിപി) 6.8 ശതമാനമാണ്. ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇത് 5.7 ശതമാനമായി കുറയുമെന്നാണ് റിപ്പോര്‍ട്ട്. സേവനമേഖലയിലെ കുറഞ്ഞ ഉപഭോഗവും കുറഞ്ഞ നിക്ഷേപവുമാണ് ഇതിനു കാരണം. എന്നാല്‍ ജൂലൈ-സെപ്തംബര്‍ പാദത്തില്‍ ചെറിയ തോതില്‍ തിരിച്ചുവരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ പണലഭ്യത പ്രതിസന്ധി നേരിടുന്നതിനു മുമ്പ് ഉപഭോഗ നീക്കത്തിന് ധനസഹായം നല്‍കിയ ബാങ്കുകളിലെ പ്രതിസന്ധിയും ആഗോള മാന്ദ്യവും ഇതിന് കാരണമായിട്ടുണ്ടെന്നും വിലയിരുത്തുന്നു. പ്രമുഖ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധനും പൂനെയിലെ ഗോഖലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കണോമിക്‌സ് ആന്റ്‌പൊളിറ്റികിസ് ചാന്‍സലറുമായ രാജീവ് കുമാര്‍ നയം അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിനും വിശകലനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരേതര സംഘടനയായ പാഹ് ലെ ഇന്ത്യ ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്ടര്‍ കൂടിയാണ്. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് ഡിഫിലും ലഖ്‌നോ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന വാര്‍ത്തകള്‍ക്കിടെ, തൊഴില്‍ നഷ്ടം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടരുതെന്ന് കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

    സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന വാര്‍ത്തകള്‍ക്കിടെ, തൊഴില്‍ നഷ്ടം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടരുതെന്ന് കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പ്രതിസന്ധി കാരണം ബജാജ്, മഹീന്ദ്ര, പാര്‍ലെ തുടങ്ങിയ വന്‍കിട കമ്പനികള്‍ വന്‍തോതില്‍ തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.









Tags:    

Similar News