യുപിയില്‍ മതംമാറ്റിയെന്ന കേസ്: ബധിര-മൂക ഭാഷാവിദഗ്ധന്‍ ഉള്‍പ്പെടെ മൂന്നുപേരെ കൂടി കസ്റ്റഡിയിലെടുത്തു
കേന്ദ്ര ശിശു കുടുംബക്ഷേമ മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആംഗ്യഭാഷാ വിദഗ്ധന്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്.
ലഖ്‌നോ: മതംമാറ്റം ആരോപിച്ച് ഇസ് ലാമിക പണ്ഡിതരയാ ഡോ. ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ ആലം ഖാസ്മി എന്നിവരെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധമുയരുന്നതിനിടെ ഉത്തര്‍പ്രദേശ് എടിഎസ് മൂന്നുപേരെ കൂടി കസ്റ്റഡിയിലെടുത്തു. കേന്ദ്ര ശിശു കുടുംബക്ഷേമ മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആംഗ്യഭാഷാ വിദഗ്ധന്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. ബധിര-മൂക ആംഗ്യഭാഷാ വിദഗ്ധന്‍ നും മഹാരാഷ്ട്ര സ്വദേശിയുമായ ഇര്‍ഫാന്‍ ഖ്വാജാ ഖാനെയും ഹരിയാന സ്വദേശിയും ഇസ് ലാം സ്വീകരിച്ചയാളുമായ മുന്നു യാദവ് എന്ന അബ്ദുല്‍ മന്നന്‍, ഡല്‍ഹി സ്വദേശിയായ രാഹുല്‍ ഭോല എന്ന കേള്‍വി പരിമിതിയുള്ളയാളെയുമാണ് കസ്റ്റഡിയിലെടുത്തതെന്ന് യുപി പോലിസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ (ക്രമസമാധാനം) പ്രശാന്ത് കുമാര്‍ പറഞ്ഞു. ശിശുക്ഷേമ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഇര്‍ഫാന് ബധിര-മൂക-കേള്‍വി പരിമിതിയുള്ളവര്‍ക്കിടയില്‍ നല്ല ബന്ധമുണ്ടെന്നും പ്രശാന്ത് കുമാര്‍ പറഞ്ഞു.
ബധിരരായ കുട്ടികളെയും സ്ത്രീകളെയും ഇസ് ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഡോ. മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ ഖാസ്മി എന്നിവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും അന്യായമായി അറസ്റ്റ് ചെയ്തതിനെതിരേ മുസ് ലിം സമുദായ നേതാക്കള്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിയമം-2020, ഇന്ത്യന്‍ പീനല്‍ കോഡ് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരേ എടിഎസ് കേസെടുത്തിട്ടുള്ളത്. വിദേശ ധനസഹായവും കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധിക്കുന്നുണ്ട്. 30 വര്‍ഷം മുമ്പ് ഹിന്ദു മതം ഉപേക്ഷിച്ച് ഇസ് ലാം സ്വീകരിച്ച ഡോ. മുഹമ്മദ് ഉമര്‍ ഗൗതത്തിനും സഹപ്രവര്‍ത്തകനുമെതിരേ ഒരാള്‍ പോലും തങ്ങളെ നിര്‍ബന്ധിച്ച് മതംമാറ്റിയതായി പരാതി നല്‍കിയിരുന്നില്ല. ഇരുവരെയം അന്യായമായി അറസ്റ്റ് ചെയ്തതിനെ അഖിലേന്ത്യാ ദഅ്‌വാ സെന്റര്‍ അസോസിയേഷന്‍(എഐഡിസിഎ), പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ജമാഅത്തെ ഇസ് ലാമി ഹിന്ദ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് തുടങ്ങി നിരവധി സംഘടനകളും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ് ലാം ഖാന്‍, ഡല്‍ഹി വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും ആം ആദ്മി എംഎല്‍എയുമായ അമാനത്തുല്ലാ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.
1964 ല്‍ ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ ജനിച്ച ശ്യാം പ്രസാദ് സിംഗ് ഗൗതം എന്നയാളാണ് 1986 ല്‍ ഇസ് ലാം സ്വീകരിച്ച് ഡോ. മുഹമ്മദ് ഉമര്‍ ഗൗതം എന്ന പേര് സ്വീകരിച്ചത്. തുടര്‍ന്ന് ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്‌ലാമിക് സ്റ്റഡീസില്‍ എംഎ പൂര്‍ത്തിയാക്കി. ഇദ്ദേഹം സ്ഥാപിച്ച ഡല്‍ഹിയിലെ ഇസ് ലാമിക് ദഅ്‌വാ സെന്റര്‍ വഴി നിരവധി പേര്‍ക്കാണ് ഇസ് ലാമിക വിജ്ഞാനം നല്‍കുന്നത്.
UP ATS Detain 3 Others In Religious Conversion Case, Despite Criticism Over Dr Umar Gautam's Arrest