വിശാഖപട്ടണം വാതക ചോര്‍ച്ച: നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി ബാധ്യസ്ഥരെന്ന് ഹരിത ട്രൈബ്യൂണല്‍

11 പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത കെമിക്കല്‍ ഫാക്ടറിയിലെ വാതക ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു.

Update: 2020-06-03 09:59 GMT

ന്യൂഡല്‍ഹി: വിശാഖപട്ടണത്തെ പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ചയില്‍ ജീവന്‍ നഷ്ടപ്പെട്ടതിനും പൊതുജനാരോഗ്യം നഷ്ടപ്പെട്ടതിനും ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജി പോളിമേഴ്‌സ് ഇന്ത്യ നഷ്ടപരിഹാരം നല്‍കാന്‍ പൂര്‍ണ ബാധ്യസ്ഥരാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി 50 കോടി രൂപ ഇടക്കാല പിഴ ഈടാക്കാനും നിര്‍ദേശിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡി(സിപിസിബി)ന്റെയും രണ്ട് പ്രതിനിധികളും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ മൂന്ന് പ്രതിനിധികളും അടങ്ങുന്ന ഒരു സമിതി പുനരധിവാസ പദ്ധതി തയ്യാറാക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

    50 കോടി ഡോളര്‍ ഇടക്കാല പിഴ ഈടാക്കണമെന്നു കാണിച്ച് മെയ് എട്ടിന് പുറപ്പെടുവിച്ച ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് എല്‍ജി പോളിമേഴ്‌സ് ഇന്ത്യ എന്‍ജിടിയെ സമീപിച്ചത്. ഹരിത ട്രൈബല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് പരിസ്ഥിതി മന്ത്രാലയം, സിപിസിബി, ദേശീയ പരിസ്ഥിതി എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന സമിതിക്ക് അന്തിമ നഷ്ടപരിഹാരം കണക്കാക്കാമെന്ന് അഭിപ്രായപ്പെട്ടു. കമ്മിറ്റിക്ക് മറ്റേതെങ്കിലും വിദഗ്ധ സ്ഥാപനങ്ങളുമായോ വ്യക്തിയുമായോ ബന്ധപ്പെടാനോ സഹകരിക്കാനോ പ്രശ്‌നമില്ല. കമ്മിറ്റിക്ക് രണ്ടുമാസത്തിനകം റിപോര്‍ട്ട് നല്‍കണമെന്നും ബെഞ്ച് അംഗമായ ജസ്റ്റിസ് ഷിയോ കുമാര്‍ സിങ് ഉത്തരവിട്ടു.

    നിയമപരമായ അനുമതിയില്ലാതെ രണ്ടുമാസത്തിനുള്ളില്‍ കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ നിയമലംഘനത്തിന് ഉത്തരവാദികളെ കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കാനും ആന്ധ്ര ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ആവശ്യമായ അനുമതികളില്ലാതെ കമ്പനി പ്രവര്‍ത്തനം പുനരാരംഭിക്കില്ലെന്ന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും കമ്പനിയുടെയും നിലപാട് ലംഘിച്ച് പ്രവര്‍ത്തനാനുമതി നല്‍കിയതിതിനെതിരേ ട്രൈബ്യൂണല്‍ കര്‍ശന നടപടി ആവശ്യപ്പെട്ടതായും ജൂണ്‍ ഒന്നിന് അപ്‌ലോഡ് ചെയ്ത ഉത്തരവില്‍ പറഞ്ഞു. പരിസ്ഥിതി മാനദണ്ഡങ്ങളുടെ ലംഘനം പരിശോധിക്കാനും തടയാനും ഭാവിയില്‍ അപകടകരമായ രീതിയില്‍ രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഏതെങ്കിലും സ്ഥാപനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനുള്ള നിരീക്ഷണ സംവിധാനം പരിഷ്‌കരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് വനം-പരിസ്ഥിത മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പൗരന്മാരുടെയും പരിസ്ഥിതിയുടെയും സുരക്ഷയ്ക്കാണു പ്രധാന പരിഗണന നല്‍കേണ്ടത്. വികസനത്തിന്റെ പേരില്‍ മനുഷ്യജീവനും പരിസ്ഥിതിക്കും സംഭവിച്ച നാശനഷ്ടങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.

    11 പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത കെമിക്കല്‍ ഫാക്ടറിയിലെ വാതക ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജി പോളിമര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള കെമിക്കല്‍ ഫാക്ടറിയിലാണ് മെയ് 7ന് അപകടമുണ്ടായത്. പ്ലാന്റിലെ രാസവസ്തു ചോര്‍ന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രാമങ്ങളെ ബാധിച്ചിരുന്നു. ഇതോടെയാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. വിശാഖപട്ടണത്തിനടുത്തുള്ള ആര്‍ ആര്‍ വെങ്കടപുരം ഗ്രാമത്തിലെ മള്‍ട്ടിനാഷനല്‍ എല്‍ജി പോളിമര്‍ പ്ലാന്റില്‍ നിന്നാണ് സ്‌റ്റൈറൈന്‍ വാതകം ചോര്‍ന്നത്.


Tags:    

Similar News