രാജ്യം അനീതിയെ ആഘോഷിക്കുമ്പോള്‍

വിരലിലെണ്ണാവുന്ന ഏതാനും മനുഷ്യസ്‌നേഹികളൊഴിച്ച് ജുഡീഷ്യറിയടക്കം രാജ്യത്തിന്റെ മുഴുവന്‍ സൂക്ഷ്മ സ്ഥൂലരൂപങ്ങളും ഒരുമിച്ചു ചേര്‍ന്ന് ഒരു അനീതിയെ ആഘോഷമാക്കുമ്പോള്‍ ഇനി എന്താണ് ഇവിടെ അവശേഷിക്കുന്നത്; എന്തിലാണ് നമ്മള്‍ പ്രതീക്ഷ അര്‍പ്പിക്കേണ്ടത്.

Update: 2024-01-22 14:36 GMT

    നീതിയുടെ അസ്തിവാരത്തിനുമേല്‍ പണിത ഒരു കെട്ടിടം രാജ്യത്തിന്റെ ആഘോഷ കേന്ദ്രമായി മാറുന്നതിനേക്കാള്‍ ഒരു മതനിരപേക്ഷജനാധിപത്യ രാഷ്ട്രത്തിന് അപമാനകരമായി മറ്റെന്താണുള്ളത്?. രാജ്യത്തെ ഒരു പ്രബല മതവിഭാഗത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുണ്ടായിരുന്ന ആരാധനാലയം തല്ലിത്തകര്‍ത്തു കൈയേറിയ വഖ്ഫ് ഭൂമിയിലാണ് ഇതിഹാസ കഥാപാത്രമായ രാമന്റെ പേരില്‍ ക്ഷേത്രമുയര്‍ത്തിയിരിക്കുന്നത്. സുപ്രിംകോടതിയുടെ ഉത്തരവിന്റെ ബലത്തിലാണ് ഈ നിര്‍മാണമെന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അനീതിക്കും അക്രമത്തിനും കൈയൊപ്പു ചാര്‍ത്തിയതിന്റെ ദുരന്തഫലമാണ്.

    അയോധ്യയെ വര്‍ഗീയ ധ്രുവീകരണത്തിനും അധികാരാരോഹണത്തിനും ആയുധമാക്കിയ ഹിന്ദുത്വര്‍ മാത്രമായിരുന്നു ആഘോഷ ലഹരിയില്‍ ആറാടിയിരുന്നതെങ്കില്‍ അതില്‍ അശേഷം അസ്വാഭാവികത ആരോപിക്കേണ്ടതില്ലായിരുന്നു. വെറുപ്പിന്റെ അങ്ങാടിയില്‍ സ്‌നേഹത്തിന്റെ കട തുറക്കാന്‍ പോയവരും ഫാഷിസത്തെ തൂത്തെറിയാന്‍ തുനിഞ്ഞിറങ്ങിയവരും ഉത്തരം താങ്ങികളായ പല്ലികളെപ്പോലെ മതേതരത്വത്തിന് മുട്ടുകൊടുക്കാന്‍ മുട്ടിനില്‍ക്കുന്നവരും എല്ലാം ആഘോഷത്തിമര്‍പ്പിലാണ്. എങ്ങനെയാണ് ഒരു ജനതയ്ക്ക് അനീതിയെ ഇങ്ങനെ ആഘോഷമാക്കാന്‍ കഴിയുന്നത്?

    നാലരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു മുസ്‌ലിം പള്ളി തകര്‍ത്തിടത്താണ് ഈ അന്യായം അരങ്ങേറുന്നതെന്ന് ഓര്‍ത്തുപറയാന്‍ പോലും ഈ രാജ്യത്ത് ഉത്തരവാദപ്പെട്ട ഒരു പ്രസ്ഥാനമോ നേതാക്കളോ ഇല്ലാതെ പോയി എന്നത് ഇന്ത്യ ഒരു തോറ്റ ജനതയാണ് എന്ന് വീണ്ടും അടിവരയിടുകയാണോ?. ഏതു പാരമ്പര്യത്തെക്കുറിച്ചാണ് നാം ഊറ്റം കൊള്ളുന്നത്?. ഏതു ഭരണഘടനയെക്കുറിച്ചാണ് നമ്മള്‍ അഭിമാന വിജൃംഭിതരാവുന്നത്?. ഏതു രാഷ്ട്രമൂല്യങ്ങളെക്കുറിച്ചാണ് നാം പേര്‍ത്തും പേര്‍ത്തും വിലപിക്കുന്നത്?.

    ബാബരി മസ്ജിദിന്റെ കൊലപാതകത്തിന് സംഘപരിവാരത്തിനൊപ്പം അവരെ ചെറുക്കുന്നതില്‍ പരാജയപ്പെട്ട പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങളും മസ്ജിദ് സംരക്ഷിക്കാന്‍ കഴിയാത്ത ഭരണകൂട സംവിധാനങ്ങളുമാണ് പ്രതികളെങ്കില്‍ രാജ്യത്തിന്റെ ചരിത്രത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ടു കൊണ്ടുപോയ ഇന്നത്തെ അധമാവസ്ഥയ്ക്ക് ഇന്ത്യന്‍ ജുഡീഷ്യറിയാണ് ഉത്തരവാദി എന്നു നിസ്സംശയം പറയാം. ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്നതിന് തെളിവില്ലെന്നു പറഞ്ഞ സുപ്രിംകോടതി, 1949 ഡിസംബറില്‍ പള്ളിക്കുള്ളില്‍ അതിക്രമിച്ചു കയറി വിഗ്രഹം വച്ചത് തെറ്റാണെന്ന് കണ്ടെത്തിയ സുപ്രിംകോടതി, അതുവരെ അവിടെ മുസ്‌ലിംകള്‍ നമസ്‌കരിച്ചിരുന്നു എന്ന് സ്ഥിരീകരിച്ച സുപ്രിംകോടതി, 1992 ഡിസംബര്‍ 6ന് പള്ളി തകര്‍ത്തത് കൊടിയ കുറ്റകൃത്യമാണെന്ന് വിധിയെഴുതിയ സുപ്രിംകോടതി പള്ളി നിന്നിരുന്ന സ്ഥലം കവര്‍ച്ചക്കാര്‍ക്ക് കൈമാറിയപ്പോള്‍ മുതല്‍ ഈ രാജ്യത്തിന്റെ ഭരണഘടന മരണത്തെ മുഖാമുഖം കണ്ടുതുടങ്ങിയിരുന്നു. അക്ഷരങ്ങളിലൊതുങ്ങി, പുറംചട്ടയില്‍ മറഞ്ഞ്, ആത്മാവ് നഷ്ടപ്പെട്ട രാജ്യത്തിന്റെ ഭരണഘടനയുടെ സംരക്ഷകരാകേണ്ടവര്‍ തന്നെ അതിന്റെ അന്തകരാവുന്ന ഭ്രമാത്മക കാഴ്ചയ്ക്കാണ് കാലം സാക്ഷ്യം വഹിച്ചത്.

    ഒരു ക്രിമിനല്‍ സംഘത്തിന്റെ പ്രവൃത്തി നമുക്കു മനസ്സിലാക്കാം. വര്‍ഗീയോന്മാദം പൂണ്ട ഒരു മതഭ്രാന്തന്‍ കൂട്ടത്തിന്റെ കുടിലതകളും നമുക്ക് തിരിച്ചറിയാം. അപരവിദ്വേഷം ചോരയിലലിഞ്ഞുചേര്‍ന്ന വംശീയതയുടെ അക്രമണോത്സുക ദര്‍ശനങ്ങളുടെ യുക്തിരാഹിത്യത്തിനു നേരെയും നമുക്കു കണ്ണടയ്ക്കാം. വിരലിലെണ്ണാവുന്ന ഏതാനും മനുഷ്യസ്‌നേഹികളൊഴിച്ച് ജുഡീഷ്യറിയടക്കം രാജ്യത്തിന്റെ മുഴുവന്‍ സൂക്ഷ്മ സ്ഥൂലരൂപങ്ങളും ഒരുമിച്ചു ചേര്‍ന്ന് ഒരു അനീതിയെ ആഘോഷമാക്കുമ്പോള്‍ ഇനി എന്താണ് ഇവിടെ അവശേഷിക്കുന്നത്; എന്തിലാണ് നമ്മള്‍ പ്രതീക്ഷ അര്‍പ്പിക്കേണ്ടത്.

Tags:    

Similar News