ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പോപ് ഗായിക റിഹാനയുടെ ട്വീറ്റ് ആഗോളതലത്തില്‍ സോഷ്യല്‍മീഡിയ തരംഗമായി. ഡല്‍ഹിയിലെ കര്‍ഷക സമരത്തെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കിയതിനെക്കുറിച്ച് സിഎന്‍എന്‍ പ്രസിദ്ധീകരിച്ച ന്യൂസ് ആര്‍ട്ടിക്കില്‍ പങ്കുവച്ചുകൊണ്ടാണ് റിഹാന കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. എന്തുകൊണ്ടാണ് ആരും ഇതേപ്പറ്റി സംസാരിക്കുന്നില്ലെന്നായിരുന്ന റിഹാനയുടെ ചോദ്യം. ട്വീറ്റിന് 76.5കെ ലൈക്കും 228.8കെ റിട്വീറ്റും ലഭിച്ചു.
അത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ് തുംബെര്‍ഗ്, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ബന്ധു മീന ഹാരിസ് എന്നിവരാണ് കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്. ഇത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയും ചെയ്തു.
റിഹാനയുടെ പ്രതികരണത്തെ എതിര്‍ത്ത് ഇന്ത്യയില്‍ ഏതാനും സെലിബ്രിറ്റികള്‍ സര്‍ക്കാരിന് പിന്തുണയുമായി എത്തിയിരുന്നു. ആദ്യം എത്തിയത് കങ്കണ റണാവത്താണ്. പിന്നാലെ സച്ചിന്‍ ടെന്‍ഡുക്കല്‍റും വിരാട് കോലിയും കുംബ്ലെയും രംഗത്തുവന്നു. ബോളിവുഡ് താരങ്ങളും സര്‍ക്കാരിന്റെ നാവായി രംഗത്തുവന്നു.
ഫെബ്രുവരി 2ാം തിയ്യതി 8.59നാണ് റിഹാന സിഎന്‍എന്‍ന്റെ ന്യൂസ് ആര്‍ട്ടിക്കിള്‍ ട്വറ്ററില്‍ പങ്കുവച്ചത്. മിനിറ്റുകള്‍ക്കുളളില്‍ റിഹാനയെക്കുറിച്ച് ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരച്ചിലാരംഭിച്ചു. റിയാന ആരാണെന്നാണ് പലരും തിരഞ്ഞത്. 'റിഹാന മുസ്‌ലിമാണോ?' എന്നതായിരുന്നു മുഖ്യമായ മറ്റൊരു തിരച്ചില്‍ വാക്ക്. മറ്റൊന്ന് 'റിഹാന റിലീജിയന്‍' എന്നും.
ഇത്രയേറെ പ്രകോപനം സൃഷ്ടിച്ച റിഹാന യഥാര്‍ത്ഥത്തില്‍ ആരാണ്?
കരീബിയന്‍ ദ്വീപ് രാജ്യമായ ബാര്‍ബഡോസ് സ്വദേശിയാണ് 32കാരിയായ റിഹാന. ജനനം 1988 ഫെബ്രുവരി 20ന്. തുടക്കത്തില്‍ ഒരു സൈനിക കാഡറ്റായിരുന്നു. പിന്നീട് സംഗീതത്തിലേക്ക് ചുവട് മാറി. 2003 മുതല്‍ അമേരിക്കയില്‍ താമസം. പതിനഞ്ചാമത്തെ വയസ്സില്‍ റിഹാന തന്റെ ആലാപനജീവിതം ആരംഭിച്ചു. 2005ല്‍ ആദ്യ ആല്‍ബം 'മ്യൂസിക് ഓഫ് ദി സണ്‍', ഡെഫ് ജാം പുറത്തിറക്കി. 2007ല്‍ 'ഗുഡ് ഗേള്‍ ഗോണ്‍ ബാഡ്' എന്ന ആല്‍ബം പുറത്തിറങ്ങിയതോടെ റിഹാന അന്താരാഷ്ട്ര പ്രശസ്തയായി. ട്വിറ്ററില്‍ 100 ദശലക്ഷം ഫോളോവേഴ്‌സുള്ള താരമാണ് ഇന്ന് അവര്‍.
9 ഗ്രാമി അവര്‍ഡ് നേടിയിട്ടുണ്ട്. 13 അമേരിക്കന്‍ സംഗീത പുരസ്‌കാരങ്ങള്‍, 12 ബില്‍ബോര്‍ഡ് സംഗീത പുരസ്‌കാരം എന്നിവയുംനേടി. 2010-14 വരെ ആറ് ഗിന്നസ് റെക്കോര്‍ഡ് ജേതാവാണ്. പല തവണ യുഎസ്സിലും യുകെയിലും റിഹാനയുടെ പാട്ടുകള്‍ ടോപ്പ് ടെന്നിലും ടോപ്പ് 30യ്ക്കും ഉള്ളിലെത്തിയിട്ടുണ്ട്.
2012ലും 2014ലും ലോകത്ത് ഏറ്റവും കൂടുതല്‍ പണം നേടുന്ന സെലിബ്രിറ്റിയായി ഫോര്‍ബ്‌സ് മാഗസിന്‍ ഇവരെ തിരഞ്ഞെടുത്തു. 2012ലും 2018ലും ലോകത്തെ സ്വാധീനിച്ച നൂറു പേരില്‍ ഒരാളായി ടൈംസ് മാഗസിന്‍ റിഹാനയെ തിരഞ്ഞെടുത്തു.
മനുഷ്യസ്‌നേഹിയായ റിഹാന സ്വന്തമായ ഒരു ഫൗണ്ടേഷന്‍ ക്ലാര ലിനോല്‍ ഫൗണ്ടേഷനെന്ന പേരില്‍ രൂപം നല്‍കിയിട്ടുണ്ട്. 2012ലായിരുന്നു അത്. കൊവിഡ് മഹാമാരി പ്രതിരോധത്തിനുവേണ്ടി 5 ദശലക്ഷം യുഎസ് ഡോളര്‍ സംഭാവന ചെയ്തു.
ഫെന്‍ടി ബ്യൂട്ടിയെന്ന പേരില്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്ന ഒരു ബ്രാന്‍ഡും റിഹാനയ്ക്കുണ്ട്.
2019ല്‍ ലോകത്തെ ഏറ്റവും ധനികയായ സംഗീതജ്ഞയാണ് റിഹാന. അവരുടെ ആസ്തി 600 ദശലക്ഷം യുഎസ് ഡോളറാണ്.
ഏതാനും സിനിമകളിലും റിഹാന അഭിനയിച്ചിട്ടുണ്ട്. ബാറ്റില്‍ഷിപ്(2012), വലേരിയന്‍, സിറ്റി ഓഫ് എ തൗസന്റ് പ്ലാനറ്റ്(2017), ഓഷ്യന്‍8(2018) എന്നിവയാണ് പ്രധാന സിനിമകള്‍.
2018മുതല്‍ ബാര്‍ബഡോസ് സര്‍ക്കാരിന്റെ വിദ്യാഭ്യാസം, ടൂറിസം, സംഭരണം അംബാസിഡറാണ്.
റിഹാന ക്രിസ്ത്യന്‍ പശ്ചാത്തലത്തിലാണ് തന്റെ ജീവിതം തുടങ്ങിയത്. അതേ കുറിച്ച് തന്റെ ഒരു അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏഴാം വയസ്സുമുതല്‍ താന്‍ വ്രതം നോറ്റതിനെക്കുറിച്ച് ആ അഭിമുഖത്തില്‍ അവര്‍ അനുസ്മരിക്കുന്നുണ്ട്.
ഏതാനും ദിവസം മുമ്പ് ഇവരുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച കേരളത്തിലും നടന്നിരുന്നു. സിനിമാപ്രവര്‍ത്തകയായ കനി കുസൃതി സിനിമാ പുരസ്‌കാരച്ചടങ്ങില്‍ ഒരു പ്രത്യേകതരം ലിപ്സ്റ്റിക്കുമായി പ്രത്യക്ഷപ്പെട്ടു. കറുപ്പ് നിറവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ശക്തമായ നിലപാടെടുത്ത കനി എന്തുകൊണ്ടാണ് ഇത്തരമൊരു ലിപ്സ്റ്റിക്കുമായി രംഗത്തുവന്നതെന്ന് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി. കറുത്തവര്‍ക്കും ലിപ്സ്റ്റിക് ചേരുമെന്ന് പ്രഖ്യാപിച്ച റിഹാനയുടെ ഫെന്‍ടി ബ്യൂട്ടി ബ്രാന്‍ഡാണ് താന്‍ ഉപയോഗിച്ചതെന്ന് വിശദീകരിച്ചതോടെ വിമര്‍ശകര്‍ അടങ്ങുകയായിരുന്നു.