കീഴടക്കലെന്ന കെട്ടുകഥ: ഗസയെ കീഴടക്കാന്‍ ഇസ്രായേലിന് കഴിയാത്തതിന്റെ കാരണം

റംസി ബറൂദ്
ഒരു പ്രദേശത്തെ കീഴടക്കുക എന്നാല്‍ അവിടത്തെ ജനങ്ങളെ കീഴ്‌പ്പെടുത്തുക എന്നാണ് അര്‍ഥം. ഒരു വൈദേശിക അധിനിവേശ ശക്തിയും അധിനിവേശത്തിന് ഇരയായ രാഷ്ട്രവും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടുന്ന അധിനിവേശം എന്ന നാലാം ജനീവ കണ്‍വെന്‍ഷനിലെ നിയമപരമായ വാക്കില്‍നിന്നും ഇതിനെ വ്യക്തമായി വേര്‍തിരിക്കണം.
2005ല്‍ പലസ്തീന്‍ ജനതയുടെ നിരന്തരമായ ചെറുത്തുനില്‍പ്പിന്റെ നേരിട്ടുള്ള ഫലമായി, ഗസ മുനമ്പില്‍നിന്ന് ഇസ്രായേല്‍ സൈന്യത്തെ വീണ്ടും വിന്യസിക്കാന്‍ നിര്‍ബന്ധിതരാക്കിയപ്പോള്‍, അന്താരാഷ്ട്ര നിയമപ്രകാരം ഗസ മുനമ്പ് ഒരു അധിനിവേശ പ്രദേശമാണെന്ന് ഐക്യരാഷ്ട്രസഭ ദൃഢമായി ആവര്‍ത്തിച്ചു.
ഗസ ഒരു അധിനിവേശ പ്രദേശമല്ലെന്നും ശത്രുപ്രദേശമാണെന്നുമുള്ള ഇസ്രായേലിന്റെ നിയമ ആഖ്യാനങ്ങളുടെ നേര്‍വിപരീതമായിരുന്നു ഐക്യരാഷ്ട്രസഭയുടെ നിലപാട്. ആശയക്കുഴപ്പമുണ്ടാക്കുന്ന ഈ വാദങ്ങളുടെ യുക്തി നമുക്ക് പരിശോധിക്കാം.
1967 ജൂണില്‍ ഗസയില്‍ ആരംഭിച്ച സൈനിക അധിനിവേശം നിലനിര്‍ത്താന്‍ ഇസ്രായേലിന് കഴിവില്ലെന്ന് തെളിഞ്ഞു എന്നതാണ് വാസ്തവം. ഫലസ്തീനികളുടെ പ്രതിരോധം മൂലം കിഴക്കന്‍ ജറുസലേമിലെയും വെസ്റ്റ്ബാങ്കിലെയും പോലെ ഗസയില്‍ ജൂതന്‍മാരെ കുടിയിരുത്താനും സൈനിക അധിനിവേശത്തെ സ്വാഭാവികമാക്കി മാറ്റാനും ഇസ്രായേലിന് സാധിച്ചില്ലെന്നതാണ് പ്രധാനകാരണം.
ഫലസ്തീനികളെ അടിച്ചമര്‍ത്തി ഗസ മുനമ്പില്‍ കുടിയേറ്റ പ്രദേശങ്ങളുണ്ടാക്കാന്‍ ഏരിയല്‍ ഷാരോണിന്റെ നേതൃത്വത്തില്‍ ഇസ്രായേലി സൈന്യം 1967നും 1970നും ഇടയില്‍ ശ്രമിച്ചിരുന്നു. ആക്രമണങ്ങള്‍, കൂട്ടക്കൊലകള്‍, വംശീയ ഉന്മൂലനം തുടങ്ങിയവയായിരുന്നു ഇതിനായി സ്വീകരിച്ച മാർഗങ്ങൾ.എന്നിരുന്നാലും, ഒരു ഘട്ടത്തിലും ഏരിയല്‍ ഷാരോണിന് ഗസക്കാരുടെ പൂര്‍ണമായ കീഴടങ്ങല്‍ എന്ന ആത്യന്തികവും സമഗ്രവുമായ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞില്ല.
അതിനു ശേഷമാണ് ഏരിയല്‍ ഷാരോണ്‍ തന്റെ കുപ്രസിദ്ധവും പരാജയപ്പെടാനിരിക്കുന്നതുമായ ഫൈവ് ഫിംഗേഴ്‌സ് എന്ന പദ്ധതി നടപ്പാക്കുന്നത്. ഗസ അടക്കം ഉള്‍പ്പെടുന്ന ഇസ്രായേലിന്റെ സൈന്യത്തിന്റെ തെക്കന്‍ കമാന്‍ഡിന്റെ മേധാവിയായിരുന്നു അക്കാലത്ത് ഏരിയല്‍ ഷാരോണ്‍. ഗസ മുനമ്പിലെ വിവിധ പ്രദേശങ്ങളെ ഒറ്റപ്പെടുത്തിയാല്‍ ഫലസ്തീനികളുടെ സംഘടിത പ്രതിരോധത്തെ തടയാമെന്നായിരുന്നു ഷാരോണ്‍ ശക്തമായി വിശ്വസിച്ചിരുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി ഗസയെ സുരക്ഷാ സോണുകളായി വിഭജിക്കാന്‍ തീരുമാനിച്ചു. വലിയ തോതില്‍ സൈന്യത്തെ വിന്യസിച്ച ശേഷം അവിടങ്ങളില്‍ ജൂത കുടിയേറ്റ ഗ്രാമങ്ങള്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. പ്രധാന റോഡുകള്‍ ഇസ്രായേലി സൈന്യത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരലും ഫലസ്തീനികളെ തീരദേശം ഉപയോഗിക്കുന്നതില്‍ നിന്നും തടയലും ഈ പദ്ധതിയുടെ ഭാഗമായിരുന്നു.
എന്നിരുന്നാലും ഈ പദ്ധതി ഒരിക്കലും പൂര്‍ണമായി യാഥാര്‍ഥ്യമായില്ല. സുരക്ഷാ സോണുകളുടെ ചുറ്റുവട്ടത്തുള്ള ഫലസ്തീനികളെ ഒരു പരിധി വരെയെങ്കിലും സമാധാനിപ്പിക്കണമെന്ന ലക്ഷ്യം അവര്‍ക്ക് അടിത്തട്ടില്‍ നേടാനായില്ല.
ഗസ മുനമ്പില്‍ ഒറ്റപ്പെട്ട കുടിയേറ്റ ബ്ലോക്കുകള്‍ നിര്‍മിക്കാന്‍ മാത്രമാണ് അവര്‍ക്ക് കഴിഞ്ഞത്. അതില്‍ ഏറ്റവും വലുത് ഈജിപ്ത്-ഗസ അതിര്‍ത്തിക്ക് സമീപമുള്ള ഗുഷ് കാറ്റിഫ് ബ്ലോക്കായിരുന്നു. അതിനു ശേഷം വടക്കന്‍ പ്രദേശത്തും നെറ്റ്‌സാരിം പ്രദേശത്തും ചില കുടിയേറ്റ പ്രദേശങ്ങളുണ്ടായി.
ഏതാനും ആയിരം ജൂത കുടിയേറ്റക്കാര്‍ താമസിക്കുന്ന ഈ പ്രദേശങ്ങളെ സംരക്ഷിക്കാന്‍ അതിലും എത്രയോ അധികം സൈനികരെ ഉപയോഗിക്കേണ്ടി വന്നു. ഈ കുടിയേറ്റ ബ്ലോക്കുകള്‍ അക്ഷരാർഥത്തില്‍ സൈനിക നഗരങ്ങളായിരുന്നു. ഗസയ്ക്ക് 365 ചതുരശ്ര കിലോമീറ്റര്‍ മാത്രം ഭൂവിസ്തൃതിയുള്ളതും ഫലസ്തീനികളുടെ ശക്തമായ പ്രതിരോധവും മൂലം അവര്‍ക്ക് കൂടുതല്‍ കുടിയേറ്റ പ്രദേശങ്ങള്‍ രൂപീകരിക്കാന്‍ സാധിച്ചില്ല. അങ്ങനെ അത് അവര്‍ക്ക് വലിയ ചെലവുള്ള കൊളോണിയല്‍ പദ്ധതിയായി മാറി.
2005ല്‍ ഗസയിലെ കുടിയേറ്റ പ്രദേശങ്ങള്‍ ഇസ്രായേലി സൈന്യം ഒഴിവാക്കിയപ്പോള്‍ പാതിരാത്രിയിലാണ് സൈനികര്‍ ഒളിച്ചോടിയത്. ആയിരക്കണക്കിന് ഗസക്കാര്‍ അവരെ പിന്തുടര്‍ന്ന് ഓടിച്ചു. ഗസയെ കീഴടക്കാന്‍ ഒരിക്കലും ഇസ്രായേലിന് സാധിച്ചിട്ടില്ലെന്ന് അചഞ്ചലമായി ഉറപ്പിച്ചു പറയാന്‍ ആ ഒരു സംഭവം മാത്രം മതിയാവും.
ഗസയിലെ പ്രധാന ജനവാസ കേന്ദ്രങ്ങളില്‍ നിന്നും സ്ഥിരമായ സൈനികവിന്യാസം ഇസ്രായേല്‍ പിന്‍വലിച്ചെങ്കിലും ബഫര്‍സോണുകള്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന പ്രദേശങ്ങളില്‍ അവര്‍ തുടര്‍ന്നു. ഇവയെല്ലാം യുദ്ധവിരാമ മേഖലയ്ക്ക് അപ്പുറത്തേക്കുള്ള, നിലവിലെ ഫലസ്തീന്‍ പ്രദേശങ്ങളിലേക്കുള്ള കടന്നുകയറ്റവുമായിരുന്നു. കാറ്റുപോലും കടക്കാത്ത രീതിയിലുള്ള ഒരു ഉപരോധവും അവര്‍ ഗസയ്‌ക്കെതിരേ ഏര്‍പ്പെടുത്തി. ഭൂരിഭാഗം ഗസ നിവാസികളും ഒരിക്കല്‍ പോലും മറ്റൊരു പ്രദേശത്തും കാണാത്തതിന്റെ കാരണവും അതാണ്.
ഗസയുടെ വ്യോമാതിര്‍ത്തി, ജലസമ്പത്ത്, പ്രകൃതിവാതക പാടങ്ങള്‍ അടക്കമുള്ള പ്രകൃതിവിഭവങ്ങള്‍ ഇസ്രായേല്‍ നിയന്ത്രിക്കുന്നതിനാല്‍ ഗസ ഒരു അധിനിവേശ പ്രദേശമാണെന്ന കാര്യം എളുപ്പത്തില്‍ പറയാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കഴിഞ്ഞു.
ഒട്ടും പതര്‍ച്ചയില്ലാതെ ഇസ്രായേല്‍ ഈ യാഥാര്‍ഥ്യത്തെ ശക്തമായി എതിര്‍ത്തു. സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍, ഗസ ശത്രുപ്രദേശമാണെന്ന സൗകര്യപ്രദമായ വാദം ഉന്നയിക്കുന്നതിനൊപ്പം ഗസയുടെ സമ്പൂര്‍ണ നിയന്ത്രണമാണ് ഇസ്രായേലിന്റെ യഥാര്‍ഥ ആഗ്രഹം. ഉപരോധത്തിലും ദാരിദ്ര്യത്തിലുമുള്ള ഗസ ശത്രുപ്രദേശമാണെന്ന് പറയുന്നത് തോന്നുമ്പോഴെല്ലാം ആക്രമണം നടത്താന്‍ ഇസ്രായേലി സൈന്യത്തിന് സൗകര്യവും നല്‍കി.
നിന്ദ്യവും ക്രൂരവുമായ ഈ രീതിയെ 'പുല്ലു വെട്ടല്‍' എന്നാണ് ഇസ്രായേലിന്റെ സൈനിക നിഘണ്ടുവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗസയിലെ ഫലസ്തീനികള്‍ക്ക് ഇസ്രായേലി ജയിലര്‍മാരെ ഫലപ്രദമായി വെല്ലുവിളിക്കാനോ തുറന്ന ജയിലില്‍ നിന്ന് രക്ഷപ്പെടാനോ കഴിയരുതെന്ന് ഉറപ്പിക്കാന്‍ ഫലസ്തീനി സൈനിക പ്രതിരോധത്തെ നശിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇത്.
പക്ഷേ, 2023 ഒക്ടോബര്‍ ഏഴിലെ തൂഫാനുല്‍ അഖ്‌സ ഇസ്രായേലിന്റെ ഈ ദീര്‍ഘകാല സൈനിക സിദ്ധാന്തത്തെ തകര്‍ത്തു. ഏറ്റവും കഠിനമായ സാമ്പത്തിക, സൈനിക സാഹചര്യങ്ങളില്‍ സംഘടിച്ച ഗസയിലെ യുവാക്കള്‍ ഏരിയല്‍ ഷാരോണിന്റെ തെക്കന്‍ കമാന്‍ഡ് ആസ്ഥാനമായിരുന്ന പ്രദേശം പിടിച്ചെടുത്തു. ഇത് ഇസ്രായേലിന്റെ പരാജയമായിരുന്നു.
ഗസയെ അധിനിവേശ പ്രദേശമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചതിനെ അംഗീകരിക്കുമ്പോള്‍ തന്നെ, 2005ലെ അതിന്റെ 'വിമോചന'ത്തെ ഫലസ്തീനികള്‍ അനുസ്മരിക്കുന്നതും അതിനെ കുറിച്ച് സംസാരിക്കുന്നതും ആര്‍ക്കും മനസിലാക്കാം. ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പിനെ നേരിടാനാണ് അതിര്‍ത്തി മേഖലയിലേക്ക് ഇസ്രായേല്‍ വീണ്ടും സൈന്യത്തെ വിന്യസിച്ചത്.
ഗസയില്‍ ഫലസ്തീനികളെ പരാജയപ്പെടുത്താനുള്ള ഇസ്രായേലിന്റെ ഇപ്പോഴത്തെ ശ്രമങ്ങള്‍ ചരിത്രത്തില്‍ വേരൂന്നിയ ഒരു അടിസ്ഥാന കാരണത്താല്‍ പരാജയപ്പെടുകയാണ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രാത്രിയുടെ മറവില്‍ ഇസ്രായേല്‍ സൈന്യം രഹസ്യമായി മുനമ്പില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ ഫലസ്തീനികളുടെ കൈയില്‍ പടക്കം പൊട്ടിക്കുന്നതു പോലുള്ള ആയുധങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, അതിന് ശേഷം ചെറുത്തുനില്‍പ്പിന്റെ രീതി അടിസ്ഥാനപരമായി തന്നെ മാറി.
ഈ ദീര്‍ഘകാല യാഥാര്‍ഥ്യം കഴിഞ്ഞ മാസങ്ങളില്‍ പുറത്തുവന്നു. ഇസ്രായേലി കണക്കുകള്‍ പ്രകാരം പതിനായിരക്കണക്കിന് ഇസ്രായേലി സൈനികര്‍ക്കാണ് ഗസയില്‍ പരിക്കേറ്റിരിക്കുന്നത്. ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടു. മാനസികമായി തളര്‍ന്നവരുടെ എണ്ണം വളരെ അധികമാണ്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളില്‍ ഗസ നിവാസികളെ തോല്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ട ഇസ്രായേല്‍ ഇത്തവണ വിജയിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് അസംബന്ധമാണ്.
പ്രശ്‌നത്തില്‍ അന്തര്‍ലീനമായ ഈ വിരോധാഭാസത്തെ കുറിച്ച് ഇസ്രായേലിന് നന്നായി അറിയാം. അതിനാല്‍ വംശഹത്യ നടത്തുക, ബാക്കിയുള്ളവരെ തുടച്ചുനീക്കുക എന്നതാണ് ഇസ്രായേലിന്റെ പദ്ധതി. നിശ്ശബ്ദത പാലിച്ച ലോകത്തിന്റെ മുന്നിലൂടെ അവര്‍ ആദ്യഘട്ടം നടപ്പാക്കി കഴിഞ്ഞു. എന്നിരുന്നാലും, രണ്ടാമത്തേത്, ഗസക്കാര്‍ തങ്ങളുടെ ഭൂമിയെ സ്വമേധയാ ഉപേക്ഷിക്കുമെന്ന വ്യാമോഹം അപ്രാപ്യമായ ഫാന്റസിയായി തുടരുകയാണ്.
ഗസയെ ആരും ഒരിക്കലും കീഴടക്കിയിട്ടില്ല, ഇനി ഒരിക്കലും കീഴടക്കുകയുമില്ല. ഇസ്രായേല്‍ സൈന്യത്തെ പിന്‍ വലിച്ചാലും ഇല്ലെങ്കിലും അന്താരാഷ്ട്ര നിയമപ്രകാരം ഗസ അധിനിവേശ പ്രദേശമായി തുടരുകയാണ്. നെതന്യാഹുവിന്റെ വിനാശകരവും നിഷ്ഫലവുമായ യുദ്ധം എന്തായാലും അവരുടെ പിന്‍വാങ്ങലിലേ എത്തൂ. അത് സംഭവിക്കുമ്പോള്‍ ഗസയും ഇസ്രായേലും തമ്മിലുള്ള ബന്ധം മാറ്റാനാവാത്തവിധം പരിവര്‍ത്തനം ചെയ്യപ്പെടും. അത് ഫലസ്തീന്‍ ജനതയുടെ പ്രതിരോധശേഷിയുടെയും അജയ്യമായ മനോഭാവത്തിന്റെയും ശക്തമായ തെളിവാകും.