സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായ റിക്കവറി നോട്ടീസ് പിന്‍വലിക്കുക, ഇല്ലെങ്കില്‍ ഞങ്ങള്‍ റദ്ദാക്കും; യുപി സര്‍ക്കാരിന് സുപ്രിംകോടതിയുടെ അന്ത്യശാസനം
ന്യൂഡല്‍ഹി: 2019 ഡിസംബറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ (സിഎഎ) പ്രതിഷേധിച്ചവര്‍ക്കെതിരേ നല്‍കിയ റിക്കവറി നോട്ടീസുകള്‍ പിന്‍വലിക്കാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രിംകോടതി. റിക്കവറി നോട്ടീസ് പിന്‍വലിച്ചില്ലെങ്കില്‍ സുപ്രിംകോടതി അത് റദ്ദാക്കുമെന്ന് ജസ്റ്റിസുമായ ഡി വൈ ചന്ദ്രചൂഢും സൂര്യകാന്തും ഉള്‍പ്പെട്ട ബെഞ്ച് യുപി സര്‍ക്കാരിന് അന്ത്യശാസനം നല്‍കി. 2019 ഡിസംബറില്‍ സര്‍ക്കാര്‍ ആരംഭിച്ച നടപടികള്‍ സുപ്രിംകോടതി നിര്‍ദേശിച്ച നിയമത്തിന് വിരുദ്ധമാണ്. അവ നിലനില്‍ക്കുന്നതുമല്ല. സംസ്ഥാന സര്‍ക്കാര്‍ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കണം.
ദയവായി ഇക്കാര്യം പരിശോധിക്കുക. നോട്ടീസുകള്‍ പിന്‍വലിക്കാന്‍ ഫെബ്രുവരി 18 വരെ അവസരം നല്‍കുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ നിയമലംഘനത്തിന്റെ പേരില്‍ സര്‍ക്കാരിന്റെ നടപടികള്‍ റദ്ദാക്കുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി. ആരോപണവിധേയരായ പ്രതിഷേധക്കാര്‍ക്ക് അയച്ച നോട്ടീസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പര്‍വേസ് ആരിഫ് ടിറ്റു നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രിംകോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. 800 ലധികം പ്രതിഷേധക്കാര്‍ക്കെതിരെ 100 ലധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 274 റിക്കവറി നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തതായി യുപി സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ ഗരിമ പ്രഷാദ് സുപ്രിംകോടതിയില്‍ പറഞ്ഞു.
38 കേസുകള്‍ അവസാനിപ്പിച്ചപ്പോള്‍ 236 കേസുകളില്‍ ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള റിക്കവറി ഉത്തരവുകള്‍ പാസായി. പ്രതിഷേധത്തിനിടെ 451 പോലിസുകാര്‍ക്ക് പരിക്കേറ്റതായും സമാന്തര ക്രിമിനല്‍ നടപടികളും റിക്കവറി നടപടികളും നടന്നുവരുന്നതായും അഭിഭാഷകന്‍ വാദിച്ചു. 2020ല്‍ വിജ്ഞാപനം ചെയ്ത പുതിയ നിയമം അനുസരിച്ച് റിട്ടയേഡ് ജില്ലാ ജഡ്ജിമാരുടെ നേതൃത്വത്തില്‍ ക്ലെയിം ട്രിബ്യൂണലുകള്‍ രൂപീകരിച്ചിട്ടുണ്ട്. അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റുകളുടെ (എഡിഎംമാര്‍) നേതൃത്വത്തിലായിരുന്നു ഇവയെന്നും അഭിഭാഷകന്‍ പറഞ്ഞു.
2009ലെയും 2018ലെയും സുപ്രിംകോടതി വിധികള്‍ പ്രകാരം ക്ലെയിം ട്രിബ്യൂണലുകളില്‍ ജുഡീഷ്യല്‍ ഓഫിസര്‍മാരെ നിയമിക്കണമായിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ എഡിഎമ്മുമാരെയാണ് നിയമിച്ചതെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഈ ഹരജി 2019 ഡിസംബറില്‍ അയച്ച ഒരുകൂട്ടം നോട്ടീസുകളില്‍ ആശങ്ക അറിയിച്ചുള്ളതാണ്. പേനകൊണ്ട് നിങ്ങള്‍ക്ക് അവ പിന്‍വലിക്കാന്‍ കഴിയും.
യുപി പോലുള്ള വലിയ സംസ്ഥാനത്ത് 236 നോട്ടീസുകള്‍ വന്നത് വലിയ കാര്യമല്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് യുപി അഭിഭാഷകനോട് പറഞ്ഞു. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് അടുത്ത വെള്ളിയാഴ്ച ഞങ്ങളോട് പറയൂ. ഇക്കാര്യത്തില്‍ നിങ്ങളുടെ ഭാഗത്തുനിന്ന് ഉത്തരവുണ്ടായാല്‍ ഞങ്ങള്‍ ഈ വിഷയം അവസാനിപ്പിക്കും- ബെഞ്ച് അഭിഭാഷകനോട് പറഞ്ഞു. ഉത്തര്‍പ്രദേശിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചതിലൂടെയുണ്ടായ നഷ്ടം നികത്താന്‍ ജില്ലാ ഭരണകൂടം പലര്‍ക്കും റിക്കവറി നോട്ടീസ് അയച്ചിരുന്നു. ആറ് വര്‍ഷം മുമ്പ് 94ാം വയസ്സില്‍ മരിച്ച ഒരാള്‍ക്കും നോട്ടീസ് അയച്ചതായി ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.