കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ രാവിലെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യംചെയ്ത് സംസാരിച്ചശേഷമാണ് യെദ്യൂരപ്പ രാജ്ഭവനിലെത്തിയത്.

Update: 2019-07-26 13:39 GMT

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് നാലാം തവണയാണ് യെദ്യൂരപ്പ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. ബംഗളൂരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ രാവിലെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യംചെയ്ത് സംസാരിച്ചശേഷമാണ് യെദ്യൂരപ്പ രാജ്ഭവനിലെത്തിയത്.

എന്നാല്‍, കോണ്‍ഗ്രസും ജെഡിഎസ്സും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. വിമത എംഎല്‍എമാരുടെ കൂട്ടരാജിയെ തുടര്‍ന്ന് കുമാരസ്വാമി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീണതിനു പിന്നാലെയാണ് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. 14 മാസം മാത്രമായിരുന്നു കുമാരസ്വാമി സര്‍ക്കാരിന്റെ ആയുസ്. തിങ്കളാഴ്ച സഭയില്‍ വിശ്വാസവോട്ട് തേടിയ ശേഷം മാത്രമേ മന്ത്രിസഭാ രൂപീകരണം ഉണ്ടാവുകയുള്ളൂ. 2007 നവംബറിലാണ് യെദ്യൂരപ്പ ആദ്യമായി കര്‍ണാടകയുടെ മുഖ്യമന്ത്രിപദത്തിലെത്തിയത്.

എന്നാല്‍, ഏഴുദിവസം മാത്രമാണ് അധികാരത്തിലിരിക്കാനായത്. പിന്നീട് തിരഞ്ഞെടുപ്പിനുശേഷം 2008 മെയ് 30ന് അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. മൂന്നുവര്‍ഷവും രണ്ടുമാസവും ഭരിച്ചു. 2018 മെയ് 17നാണ് യെദ്യൂരപ്പ മൂന്നാംവട്ടവും മുഖ്യമന്ത്രിയായത്. ആറുദിവസം മാത്രമാണ് അധികാരത്തില്‍ തുടരാനായത്. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചത്. ബിജെപിക്ക് നിലവില്‍ 101 അംഗങ്ങളുടെ പിന്തുണയാണുള്ളത്. വിമത എംഎല്‍എമാര്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്ന വിശ്വാസത്താലാണ് യെദ്യൂരപ്പ അധികാരമേറ്റിരിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നാല്‍ നാലാംതവണയും കാലാവധി തികയ്ക്കാനാവാതെ പുറത്തുപോവുന്ന മുഖ്യമന്ത്രിയെന്ന നാണക്കേട് യെദ്യൂരപ്പയ്ക്കു സ്വന്തമാവും.  

Tags:    

Similar News