അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ബജറ്റ് വിഹിതം വീണ്ടും വെട്ടിക്കുറച്ചു; അഞ്ചുവര്‍ഷത്തിനിടെ യുപി സര്‍ക്കാര്‍ വെട്ടിക്കുറച്ചത് 53 കോടി

Update: 2022-07-17 08:24 GMT

ലഖ്‌നോ: അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ബജറ്റ് വിഹിതം വീണ്ടും വെട്ടിക്കുറച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 2017- 18 സാമ്പത്തിക വര്‍ഷത്തില്‍ 62 കോടിയുണ്ടായിരുന്ന ബജറ്റ് വിഹിതമാണ് ഇപ്പോള്‍ ഒമ്പതുകോടിയായി വെട്ടിക്കുറച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ബജറ്റ് വിഹതത്തില്‍ ആകെ 85 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. അതായത് 53 കോടി രൂപയാണ് ഫണ്ടിലുണ്ടായ കുറവ്. ബിജെപി നേതൃത്വം നല്‍കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തര്‍പ്രദേശ് സര്‍ക്കാരിനുമെതിരേ പരസ്യപ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്.

അലിഗഢ് സര്‍വകലാശാലയ്ക്കുള്ള ബജറ്റ് വിഹിതം 2017-18ല്‍ 62 കോടിയില്‍ നിന്ന് 22 കോടിയായി വെട്ടിക്കുറച്ചിരുന്നു. 2019- 20ല്‍ ഇത് 16 കോടിയായി കുറഞ്ഞു. 2020-2021ല്‍ ഇത് 14 കോടിയായും 2021-22ല്‍ 10 കോടിയായും 2022-23ല്‍ ഒമ്പത് കോടിയായും കുറവ് വരുത്തുകയാണ് ചെയ്തിരിക്കുന്നത്. എഎംയു ബജറ്റ് വിഹിതം 100 കോടിയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കോണ്‍ഗ്രസ് മെമ്മോറാണ്ടം അയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ന്യൂനപക്ഷ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാനവാസ് ആലം രംഗത്തെത്തി. വ്യാജ ബിരുദമുള്ള പ്രധാനമന്ത്രി മറ്റുള്ളവരെ പഠിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ബജറ്റ് വിഹിതം കുറയ്ക്കല്‍ ദൗര്‍ഭാഗ്യകരമാണ്.

എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ 10ാം സ്ഥാനം നേടിയ എഎംയുവിന് ഉന്നത വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കേണ്ടതായിരുന്നു. എഎംയുവിനുള്ള ബജറ്റ് വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കും. ഗൂഢാലോചനയുടെ ഭാഗമായി സര്‍വകലാശാലകളെ ദുര്‍ബലപ്പെടുത്തുന്നതിലൂടെ മോദി സര്‍ക്കാര്‍ രാജ്യത്തെ യുക്തിസഹവും ശാസ്ത്രീയവുമായ ചിന്തകളെ ദുര്‍ബലപ്പെടുത്തുകയാണ്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസം കുറവായതിനാല്‍ മറ്റുള്ളവരെയും പഠിക്കാന്‍ അനുവദിക്കുന്നില്ല.

തുടക്കം മുതല്‍ ബിജെപിയും ആര്‍എസ്എസ്സും അലിഗഢ് സര്‍വകലാശാലയ്‌ക്കെതിരേ രംഗത്തുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018ലെ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ബജറ്റ് 62 കോറില്‍ നിന്ന് ഒമ്പതുകോടിയായി വെട്ടിക്കുറച്ചതില്‍ ബിജെപി സര്‍ക്കാരിനെതിരേ ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശനിയാഴ്ച പ്രതിഷേധ പ്രകടനം നടത്തി.

Congress protests against Modi govt for cutting AMU budget by 85%ഗാസിയാബാദ്, ഹാപൂര്‍, ആഗ്ര, അലിഗഡ്, രാംപൂര്‍, മൊറാദാബാദ്, സംഭാല്‍, സഹാറന്‍പൂര്‍, മീററ്റ്, മൊറാദാബാദ്, പിലിഭിത്, ബറേലി, ഷാജഹാന്‍പൂര്‍, ബദൗണ്‍, ബരാബങ്കി, അസംഗഢ്, ഹമീര്‍പൂര്‍ , ശ്രാവസ്തി, സിദ്ധാര്‍ഥനഗര്‍, ഷാംലി, അലഹബാദ്, ഉന്നാവോ, മൗ, ഗാസിപൂര്‍, ബനാറസ്, ചന്ദൗലി, ഭദോഹി, ഫത്തേപൂര്‍ തുടങ്ങി എല്ലാ ജില്ലകളിലും പ്രതിഷേധം അരങ്ങേറി.

Tags:    

Similar News