ന്യൂഡല്‍ഹി: മദ്രാസ് ഐഐടിയെ രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രഖ്യാപിച്ചു. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ 2019ലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഫ്രെയിം വര്‍ക്ക് റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് മദ്രാസ് ഐഐടിയെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി തിരഞ്ഞെടുത്തത്. അധ്യാപനം, പഠനവും വിഭവങ്ങളും, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സൂചകങ്ങളെ അടിസ്ഥാനമാക്കി സര്‍വകലാശാലകള്‍, എഞ്ചിനീയറിങ്, കോളജുകള്‍, മാനേജ്മന്റെ് തുടങ്ങി ഒമ്പത് വിഭാഗങ്ങളിലായാണ് റാങ്കിങ് പ്രഖ്യാപിച്ചത്. എഞ്ചിനീയറിങ് വിഭാഗത്തില്‍ മദ്രാസ് ഐഐടിക്കു പുറകിലായി ഐഐടി ഡല്‍ഹി, ഐഐടി ബോംബെ എന്നിവയാണുള്ളത്.
കോളജ് വിഭാഗത്തില്‍ മിരാന്റ ഹൗസ് ഒന്നാം സ്ഥാനവും ഹിന്ദു കോളജ് രണ്ടാം സ്ഥാനത്തുമെത്തി. ഫാര്‍മസി വിഭാഗത്തില്‍ ജാമിയ ഹംദാര്‍ദ്, പഞ്ചാബ് സര്‍വകലാശാല എന്നിവയാണ് മുന്നില്‍. ഐഐഎം ബാംഗ്ലൂര്‍ ആണ് മാനേജ്മന്റെ് വിഭാഗത്തിലെ റാങ്കിങില്‍ ഒന്നാമത്. ഐഐഎം അഹമ്മദാബാദ് ആണ് രണ്ടാം സ്ഥാനത്ത്
ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആണ് മികച്ച ആരോഗ്യ സ്ഥാപനം. പിജിഐഎംഇആര്‍ ചണ്ഡിഗഢ് ആണ് രണ്ടാം സ്ഥാനത്ത്.
സര്‍വകലാശാല വിഭാഗത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂര്‍ ഒന്നാം സ്ഥാനവും ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല രണ്ടാംസ്ഥാനവും വരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാല മൂന്നാം സ്ഥാനവും നേടി. ഹൈദരാബാദ് സര്‍വകലാശാല, കല്‍ക്കട്ട സര്‍വകലാശാല, കൊല്‍ക്കത്തയിലെ ജദാവ്പൂര്‍ സര്‍വകലാശാല, ചെന്നൈയിലെ അണ്ണാ സര്‍വകലാശാല, കോയമ്പത്തൂരിലെ അമൃത വിശ്വപീഠം, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍, സാവിത്രി ഭായ് ഫൂലെ പൂണെ സര്‍വകലാശാല എന്നിവയാണ് മറ്റു സ്ഥാപനങ്ങള്‍.