ന്യൂഡല്‍ഹി: എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു. നാല് ഘട്ടമായി നടന്ന ജെഇഇ (മെയിന്‍) പരീക്ഷയില്‍ 44 പേര്‍ക്ക് നൂറുശതമാനം മാര്‍ക്ക് ലഭിച്ചു. 18 വിദ്യാര്‍ഥികളാണ് ഒന്നാം റാങ്കിന് അര്‍ഹരായത്. അവരില്‍ നാലുപേര്‍ ആന്ധ്രയില്‍നിന്നും രണ്ടുപേര്‍ തെലങ്കാനയില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നും രാജസ്ഥാനില്‍നിന്നും രണ്ടുപേര്‍ വീതവും ഒന്നാം റാങ്ക് കരസ്ഥമാക്കി. ഒന്നാം റാങ്കുകാരില്‍ കേരളത്തില്‍നിന്ന് ആരുമില്ല.
നാഷനല്‍ ടെസ്റ്റിങ് അതോറിറ്റി (എന്‍ടിഎ) യുടെ ഔദ്യോഗിക വെസ്‌ബൈറ്റായ jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാവും. ബിഇ, ബിടെക്, ബിആര്‍ക്ക് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജെഇഇ മെയിന്‍ പരീക്ഷ സംഘടിപ്പിക്കുന്നത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിന് വേണ്ടിയാണ് രണ്ട് അധിക സെഷനുകള്‍കൂടി എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ ഉള്‍പ്പെടുത്തിയത്.
ഫലം പരിശോധിക്കേണ്ടത്
1. ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in, ntaresults.nic.in എന്നിവ സന്ദര്‍ശിക്കുക
2. JEE Main 2021 session 4 results എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
3. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനതിയ്യതി, സെക്യൂരിറ്റി പിന്‍ എന്നിവ നല്‍കുക
4. സബ്മിറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
5. ഇതോടെ ഫലം ലഭ്യമാവും, ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.