നീറ്റ് പിജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരീക്ഷ രണ്ടുമാസത്തേയ്ക്ക് നീട്ടിവച്ചു

പുതുക്കിയ ചോദ്യപേപ്പര്‍ രീതി അനുസരിച്ച് തയ്യാറെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നതിനാണ് പരീക്ഷ നീട്ടിവച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 2022 ജനുവരി 10, 11 തിയ്യതികളില്‍ പരീക്ഷ നടത്താനാണ് സുപ്രിംകോടതി അനുമതി നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Update: 2021-10-04 17:32 GMT

ന്യൂഡല്‍ഹി: നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പിജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരീക്ഷ രണ്ടുമാസത്തേയ്ക്ക് നീട്ടിവച്ചു. പുതുക്കിയ ചോദ്യപേപ്പര്‍ രീതി അനുസരിച്ച് തയ്യാറെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നതിനാണ് പരീക്ഷ നീട്ടിവച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 2022 ജനുവരി 10, 11 തിയ്യതികളില്‍ പരീക്ഷ നടത്താനാണ് സുപ്രിംകോടതി അനുമതി നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞാഴ്ച പരീക്ഷാരീതിയില്‍ അവസാന നിമിഷം മാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരീക്ഷ നീട്ടിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

നവംബര്‍ 13, 14 തിയ്യതികളില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ ചോദ്യപേപ്പര്‍ രീതി കേന്ദ്രസര്‍ക്കാര്‍ പുതുക്കി. സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 'പരീക്ഷകളുടെ പുതുക്കിയ മാതൃകയില്‍ ഉറച്ചുനില്‍ക്കുമെന്ന്' കേന്ദ്രം ആവര്‍ത്തിക്കുകയും ചെയ്തു. ഇതാണ് സുപ്രിംകോടതിയുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്. ഇതിന് പിന്നാലെയാണ് പരീക്ഷയ്ക്ക് കൂടുതല്‍ തയ്യാറെടുപ്പ് നടത്തുന്നതിന് വിദ്യാര്‍ഥികള്‍ക്ക് സമയം നീട്ടിനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞാഴ്ച കേസ് പരിഗണിച്ചപ്പോള്‍ യുവ ഡോക്ടര്‍മാരെ ഫുട്‌ബോള്‍ പോലെ കാണരുതെന്നാണ് സുപ്രിംകോടതി വിമര്‍ശിച്ചത്.

യുക്തിപൂര്‍വം പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്ഥരുടെ ദയയ്ക്ക് ഡോക്ടര്‍മാരെ ഇട്ടുകൊടുക്കരുതെന്നും സുപ്രിംകോടതി ഓര്‍മപ്പെടുത്തി. നീറ്റ് വിഷയത്തില്‍ 41 പിജി ഡോക്ടര്‍മാരാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിച്ചത്. നിലവിലുള്ള പരീക്ഷാ രീതി അനുസരിച്ച് സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകളില്‍നിന്നുള്ള ചോദ്യങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കും മറ്റ് കോഴ്‌സുകളില്‍നിന്ന് 40 ശതമാനം മാര്‍ക്കുമാണ് നല്‍കുക. ആഗസ്ത് 31ന് പുറപ്പെടുവിച്ച പുതിയ വിജ്ഞാപന പ്രകാരം ജനറല്‍ മെഡിസില്‍നിന്നുള്ള ചോദ്യങ്ങള്‍ക്ക് 100 ശതമാനം മാര്‍ക്ക് നല്‍കുന്ന പുതിയ രീതിയെയാണ് വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തത്. മെഡിക്കല്‍ സീറ്റ് പാഴാക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ രീതിയെന്നാണ് കേന്ദ്രം വാദിക്കുന്നത്.

Tags:    

Similar News