നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലും നേവല്‍ അക്കാദമിയിലും 400 ഒഴിവുകള്‍

Update: 2021-06-19 08:09 GMT

യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നാഷനല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ) യിലേക്കും നേവല്‍ അക്കാദമി (എന്‍എ) യിലേക്കും അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 29ന് രാത്രി 6 മണി വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അവിവാഹിതരായ പുരുഷന്‍മാര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. എന്‍ഡിഎയുടെ 148ാമത് കോഴ്‌സിലേക്കുള്ള പൊതുപരീക്ഷ 2021 സപ്തംബര്‍ അഞ്ചിനും എന്‍എയുടെ 110ാമത് കോഴ്‌സിലേക്കുള്ള പരീക്ഷ 2022 ജൂലൈ രണ്ടിനും നടക്കും. ഓണ്‍ലൈന്‍ അപേക്ഷ പിന്‍വലിക്കുന്നതിന് 2021 ജൂലൈ ആറിനും 12 നും ഇടയില്‍ അവസരമുണ്ടാവും. രണ്ടിലുമായി 400 ഒഴിവുകളാണുള്ളത്. ഒഴിവുകള്‍: നാഷനല്‍ ഡിഫന്‍സ് അക്കാദമി- 370 (ആര്‍മി-208, നേവി-42, എയര്‍ഫോഴ്‌സ്-120), നേവല്‍ അക്കാദമി-30. എന്‍ഡിഎ പ്രവേശനം ലഭിക്കുന്നവര്‍ക്ക് നാലുവര്‍ഷത്തെ എന്‍ജിനീയറിങ് പഠനം അക്കാദമിയുടെ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കും. പരീക്ഷയുടെ വിശദമായ സിലബസ് www.upsc.gov.in ല്‍ നല്‍കിയിട്ടുണ്ട്. ഏത് സര്‍വീസിലേക്കാണു പ്രവേശനം ആഗ്രഹിക്കുന്നതെന്ന് ഓണ്‍ലൈന്‍ അപേക്ഷയില്‍ ബന്ധപ്പെട്ട കോളത്തില്‍ മുന്‍ഗണനാക്രമത്തില്‍ സൂചിപ്പിക്കണം. ഏത് കോഴ്‌സിലേക്കാണു പ്രവേശനം നേടാനാഗ്രഹിക്കുന്നതെന്നും വ്യക്തമാക്കണം.

പ്രായം: അപേക്ഷകര്‍ 2003 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത: ആര്‍മി വിങ് നാഷനല്‍ ഡിഫന്‍സ് അക്കാദമി: 10+2 പാറ്റേണിലുള്ള പ്ലസ്ടു പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യം.

എയര്‍ഫോഴ്‌സ്, നേവല്‍ വിങ് നാഷനല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയമായി പഠിച്ച പ്ലസ്ടു. അല്ലെങ്കില്‍ തത്തുല്യം. ഇപ്പോള്‍ പ്ലസ്ടു പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എസ്എസ്ബി ഇന്റര്‍വ്യൂ സമയത്ത് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നേരത്തെ ഐഎന്‍എസ്ബി/പിഎബിടി പരീക്ഷകളില്‍ പരാജയപ്പെട്ടവരെ വ്യോമസേനയിലേക്ക് പരിഗണിക്കില്ല. പ്ലസ്‌വണ്‍ പരീക്ഷയെഴുതുന്നവര്‍ക്ക് അപേക്ഷിക്കാനാവില്ല.

ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 157.5 സെ.മീ. (വ്യോമസേനയിലേക്ക് 162.5 സെ.മീ.), ലക്ഷദ്വീപുകാര്‍ക്ക് രണ്ട് സെ.മീ. ഇളവുണ്ട്. തൂക്കവും ഉയരവും ആനുപാതികം. നെഞ്ചളവ്: വികസിപ്പിച്ചാല്‍ 81 സെന്റീമീറ്ററില്‍ കുറയരുത് (കുറഞ്ഞത് അഞ്ചുസെ.മീ. വികാസം വേണം). സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവരെ എയര്‍ഫോഴ്‌സിലേക്ക് പരിഗണിക്കില്ല.

ദൂരക്കാഴ്ച: 6/6, 6/9. ശരീരിക യോഗ്യതകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ് നടക്കുക.

അപേക്ഷാഫീസ്: 100 രൂപ. ഏതെങ്കിലും എസ്ബിഐ ശാഖയില്‍ നേരിട്ടോ എസ്ബിഐ/എസ്ബിടിയുടെ നെറ്റ് ബാങ്കിങ് മുഖേനയോ ഫീസടയ്ക്കാവുന്നതാണ്. എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് ഫീസില്ല. www.upsconline.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.

പരീക്ഷാകേന്ദ്രങ്ങള്‍

തിരുവനന്തപുരം, കൊച്ചി എന്നിവയാണു കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. ബംഗളൂരും ചെന്നൈയുമാണു സംസ്ഥാനത്തിന് പുറത്തെ തൊട്ടടുത്ത പരീക്ഷാകേന്ദ്രങ്ങള്‍. മറ്റ് പരീക്ഷാകേന്ദ്രങ്ങള്‍: അഗര്‍ത്തല, അഹമ്മദാബാദ്, ഐസ്വാള്‍, പ്രയാഗ്‌രാജ് (അലഹബാദ്), ബറേലി, ഭോപാല്‍, ചണ്ഡിഗഢ്, കട്ടക്ക്, ഡെറാഡൂണ്‍, ഡല്‍ഹി, ധാര്‍വാദ്, ഡിസ്പൂര്‍, ഗാങ്‌ടോക്ക്, ഹൈദരാബാദ്, ഇംഫാല്‍, ഇറ്റാനഗര്‍, ജയ്പൂര്‍, ജമ്മു, ജോര്‍ഹട്ട്, കൊഹിമ, കൊല്‍ക്കത്ത, ലഖ്‌നോ, മധുര, മുംബൈ, നാഗ്പൂര്‍, പനാജി (ഗോവ), പട്‌ന, പോര്‍ട്ട് ബ്ലെയര്‍, റായ്പൂര്‍, റാഞ്ചി, സംബാല്‍പൂര്‍, ഷില്ലോങ്, ഷിംല, ശ്രീനഗര്‍, തിരുപ്പതി, ഉദയ്പൂര്‍, വിശാഖപട്ടണം.

Tags:    

Similar News