അഗ്‌നിപഥ്: നാവികസേനയില്‍ ലഭിച്ചത് മൂന്നുലക്ഷത്തിലധികം അപേക്ഷകള്‍; 20,499 പേര്‍ വനിതകള്‍
ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ നാവികസേനയില്‍ ചേരാനായി ലഭിച്ചത് മൂന്നുലക്ഷത്തിലധികം അപേക്ഷകള്‍. വെള്ളിയാഴ്ച വരെ 3.03 ലക്ഷം അപേക്ഷകള്‍ ലഭിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. 12ാം ക്ലാസ് പാസായ ഉദ്യോഗാര്‍ഥികള്‍ക്കായി (സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌മെന്റ്) ജൂലൈ ഒന്നിനാണ് പദ്ധതി പ്രകാരമുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ നാവികസേന ആരംഭിച്ചത്. രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ ജൂലൈ 24 വരെ തുടരും. കൂടാതെ 10ാം ക്ലാസ് പാസായ (മെട്രിക്കുലേഷന്‍ റിക്രൂട്ട്‌മെന്റ്) 200 ഉദ്യോഗാര്‍ഥികളെയും നാവികസേന റിക്രൂട്ട് ചെയ്യുന്നു. ഇതിന്റെ രജിസ്‌ട്രേഷന്‍ ജൂലൈ 30 വരെ നടക്കും.
അഗ്‌നിപഥ് പദ്ധതിയുടെ ഭാഗമായി, 17നും 21നും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് ഉള്‍പ്പെടുത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. അവരില്‍ 25 ശതമാനം പേരെ പിന്നീട് സ്ഥിരമായ സേവനത്തിനായി ഉള്‍പ്പെടുത്തും. അപേക്ഷ സമര്‍പ്പിച്ചവരില്‍ 20,499 പേര്‍ വനിതകളാണ്. ഈ വര്‍ഷത്തെ റിക്രൂട്ട്‌മെന്റിന്റെ ആദ്യഘട്ടത്തില്‍ നാവികസേന വാഗ്ദാനം ചെയ്യുന്ന 2,800 ജോലികള്‍ക്കായി വെള്ളിയാഴ്ച വരെ ആകെ 3,03,328 അപേക്ഷകള്‍ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് ലഭിച്ചതിന് അനുസൃതമായി ഈ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. അഗ്‌നിവീരന്‍മാരായി സായുധ സേനയെ സേവിക്കുന്നതില്‍ യുവാക്കള്‍ ആവേശഭരിതരാണ്, 'മുകളില്‍ ഉദ്ധരിച്ച ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഏകദേശം 7,50,000 ലക്ഷം ഉദ്യോഗാര്‍ഥികള്‍ അഗ്‌നിപഥ് സ്‌കീമിന് കീഴില്‍ വ്യോമസേനയിലേക്ക് റിക്രൂട്ട്‌മെന്റിനായി സ്വയം രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ വ്യോമസേനയില്‍ 3,000 ജോലികള്‍ക്കായി മല്‍സരിക്കുന്നത്. വ്യോമസേനയ്ക്ക് 7,49,899 അപേക്ഷകളാണ് പ്രതിരോധ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 6,31,528 അപേക്ഷകളായിരുന്നു. ഏതൊരു റിക്രൂട്ട്‌മെന്റിനെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണ്. വ്യോമസേനയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇപ്പോഴും തുടരുകയാണ്. സായുധസേന ഈ വര്‍ഷം 46,000 അഗ്‌നിവീരന്‍മാരെ റിക്രൂട്ട് ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. സൈന്യം (40,000), വ്യോമസേന, നാവികസേന (3,000 വീതം) എന്നിങ്ങനെയാണിത്.