നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം രണ്ടാം ഘട്ടം; 580 പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ജര്‍മനിയിലേയ്ക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേയ്ക്കുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രണ്ടാംഘട്ട ഷോര്‍ട്ട്‌ലിസ്റ്റില്‍ നിന്നും അഭിമുഖത്തിനുശേഷം തിരഞ്ഞെടുത്ത 580 പേരുള്‍പ്പെടുന്ന റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. റാങ്ക് ലിസ്റ്റ് നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org യില്‍ ലഭ്യമാണ്. ജര്‍മന്‍ ഭാഷാ പരിജ്ഞാനമുളളവരെ ഉള്‍പ്പെടുത്തിയുളള ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെ 632 നഴ്‌സിങ് പ്രഫഷനലുകളാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. നവംബര്‍ 2 മുതല്‍ 11 വരെ തിരുവനന്തപുരത്തായിരുന്നു അഭിമുഖം.
കഴിഞ്ഞ മെയ് മാസത്തില്‍ അഭിമുഖം പൂര്‍ത്തിയായി ആദ്യഘട്ട വെയിറ്റിങ്ങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 20 പേരും, നവംബറില്‍ നടന്ന രണ്ടാം ഘട്ട അഭിമുഖത്തില്‍ നിന്നുളള 280 ഉദ്യോഗാര്‍ഥികളും പട്ടികയിലുണ്ട്. ഇതിനോടകം ജര്‍മന്‍ ഭാഷാ പരിശീലനം നേടിയവര്‍ക്കായുളള ഫാസ്റ്റ് ട്രാക്ക് കാറ്റഗറിയില്‍ നിന്നും 6 ഉം, ഉപാധികളോടെയുളള ഫാസ്റ്റ് ട്രാക്ക് കാറ്റഗറിയില്‍ (ജര്‍മന്‍ ഭാഷാപഠനത്തിന്റെ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍) നിന്നും 24 പേരും, നവംബറിലെ അഭിമുഖത്തില്‍ പങ്കെടുത്ത വെയിറ്റിങ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട 250 ഉദ്യോഗാര്‍ഥികളും ഉള്‍പ്പെടുന്നതാണ് 580 പേരുടെ റാങ്ക് ലിസ്റ്റ്. രണ്ടാം ഘട്ടത്തില്‍ 300 നഴ്‌സിങ് പ്രഫഷനലുകളെയാണ് ജര്‍മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍, അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ഥികളുടെ പഠനനിലവാരവും, തൊഴില്‍ പരിചയവും, പ്രഫഷനല്‍ മികവും കണക്കിലെടുത്താണ് 580 പേരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. റാങ്ക് ലിസ്റ്റില്‍ നിന്നുളള ആദ്യ 300 പേരുടെ ജര്‍മന്‍ ഭാഷാ പരിശീലനം 2023 ജനുവരിയിലും മറ്റുളളവര്‍ക്ക് അടുത്ത ജൂണിലുമാണ്.
ജര്‍മനിയിലെ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ കോ- ഓപറേഷനും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി നടത്തുന്ന നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം. കേരളത്തില്‍ നിന്നുളള നഴ്‌സിങ് പ്രഫഷനലുകള്‍ക്ക് ജര്‍മനിയിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി കേരളത്തിലും ജര്‍മനിയില്‍ എത്തിയശേഷവുമുളള ജര്‍മന്‍ ഭാഷാ പഠനവും, യാത്രാചെലവുകള്‍, റിക്രൂട്ട്‌മെന്റ് ഫീസ് എന്നിവ സൗജന്യമാണ്. റിക്രൂട്ട്‌മെന്റ് സംബന്ധിച്ചും, റാങ്ക് ലിസ്റ്റ് സംബന്ധിച്ചുമുളള കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ 24 മണിക്കൂറും പ്രവാര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പറില്‍ 1800 425 3939 ബന്ധപ്പെടാം.