വിദേശ തൊഴില്‍ സാധ്യതകള്‍ ഒരുക്കി ഒഡെപെക്
സൗദി അറേബ്യ, മാലിദ്വീപ്, ഖത്തര്‍, ഒമാന്‍ യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് എഞ്ചിനീയര്‍, ടീച്ചര്‍, ഡോക്ടര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, സ്‌കില്‍ഡ് വര്‍ക്കര്‍, ഡ്രൈവര്‍ തുടങ്ങി ധാരാളം തൊഴിലവസരങ്ങള്‍ ഒഡപെക് മുഖാന്തരം നല്‍കുന്നുണ്ട്.
നഴ്‌സുമാര്‍ക്ക് യുകെയിലേക്ക് തൊഴിലവസരം നല്‍കുന്ന ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാം എന്ന പദ്ധതി ഒഡെപെക് ആരംഭിച്ചു. യു കെയിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള എന്‍എച്ച്എസ് ട്രസ്റ്റ് ആശുപത്രികളില്‍ 5000 ത്തോളം നഴ്‌സുമാരെ റിക്രൂട്ട്‌മെന്റ് നടത്താനുള്ള കരാറില്‍ ഹെല്‍ത്ത് എഡ്യുക്കേഷന്‍ ഇംഗ്ലണ്ടുമായി ഇതിനോടകം ഒഡെപെക് ഒപ്പുവെച്ചു കഴിഞ്ഞു. തിരഞ്ഞെടുക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം ജോലി ചെയ്യുന്നതോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍ട്ടിഫിക്കറ്റും ലഭിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആറുമാസം പ്രവര്‍ത്തി പരിചയമുള്ള നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം. ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് മൂന്നുവര്‍ഷത്തെ ലീവ് അനുവദിക്കുന്നതിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഐ ഇ എല്‍ ടി എസ്/ ഒ ഇ ടി പരീക്ഷയില്‍ നിശ്ചിത സ്‌കോര്‍ നേടിയ നഴ്‌സുമാര്‍ക്ക് ഈ പദ്ധതിയില്‍ ചേരാവുന്നതാണ്.
പൂര്‍ണമായും സൗജന്യമായാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. താല്പര്യമുള്ളവര്‍ക്ക് ഐഇഎല്‍ടിഎസ്, ഒ ഇ ടി ഭാഷാ പരിശീലനവും എന്‍ എം സി രജിസ്‌ട്രേഷന്‍, വിസ ആപ്ലിക്കേഷന്‍ എന്നിവയ്ക്കുള്ള ഗൈഡന്‍സും സൗജന്യമായി നല്‍കും. ഇതിനു പുറമേ സി ബി ടി /ഒ എസ് സി ഇ എന്നിവയുടെ പരിശീലനം, ഒഎസ് സി ഇ പരീക്ഷാഫീസ്, എയര്‍ ടിക്കറ്റ്, താമസം എന്നിവയെല്ലാം സൗജന്യമായിരിക്കും. നിലവില്‍ തിരുവനന്തപുരം,എറണാകുളം, അങ്കമാലി, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് ട്രെയിനിങ് സെന്റുകള്‍ ഉള്ളത്. ഇതിനു പുറമെ കോഴിക്കോട് അടുത്ത മാസം ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഒഡെപെക്. ജി എന്‍ എം ബി എസ് സി നഴ്‌സിംഗ് നേടിയ അംഗീകൃത നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവര്‍ക്ക് പ്രായ പരിധിയോ ലിംഗഭേദമോ ഇല്ല.
എല്ലാ ആഴ്ചകളിലും ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ സ്‌കൈപ്പ് വഴി വിദേശ കമ്പനികളുമായി നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒഡെപെക് അവസരം ഒരുക്കുന്നുണ്ട്. ഇതു വഴി ഇതിനോടകം 250ഓളം പേര്‍ക്ക് ജോലി ലഭിച്ചു.
സൗദി അറേബ്യ, മാലിദ്വീപ്, ഖത്തര്‍, ഒമാന്‍ യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് എഞ്ചിനീയര്‍, ടീച്ചര്‍, ഡോക്ടര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, സ്‌കില്‍ഡ് വര്‍ക്കര്‍, ഡ്രൈവര്‍ തുടങ്ങി ധാരാളം തൊഴിലവസരങ്ങള്‍ ഒഡപെക് മുഖാന്തരം നല്‍കുന്നുണ്ട്. സൗദി അറേബ്യ, മാലിദ്വീപുകള്‍, യു കെ എന്നിവിടങ്ങളിലേക്ക് സര്‍ക്കാര്‍/ സര്‍ക്കാര്‍ ഏജന്‍സി വഴി നേരിട്ടാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.
അന്താരാഷ്ട്ര നിലവാരത്തില്‍ വിശ്വസനീയവും സുരക്ഷിതവുമായ തൊഴിലവസരങ്ങള്‍ക്ക് പുറമേ ആകര്‍ഷണീയമായ ടൂര്‍ പാക്കേജുകളും ഒഡെപെക് തയ്യാറാക്കുന്നുണ്ട്. കുറഞ്ഞ സര്‍വീസ് ചാര്‍ജ്ജും വര്‍ഷങ്ങളുടെ സേവനപരിചയവും ഒഡെപെകിനെ വ്യത്യസ്തമാക്കുന്നു.
2018 മുതലാണ് ടൂര്‍ പാക്കേജുകള്‍ നടപ്പിലാക്കി തുടങ്ങിയത്. സിംല, കുളു, മണാലി, കാശ്മീര്‍ തുടങ്ങിയ ആഭ്യന്തര പാക്കേജുകളും യൂറോപ്പ്, സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ അന്താരാഷ്ട്ര പാക്കേജുകളും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന രീതിയില്‍ ഒഡെപെക് തയ്യാറാക്കിയിട്ടുണ്ട്.
അയാട്ട അംഗീകാരമുള്ള ട്രാവല്‍ ഡിവിഷന്‍ മുഖേന സൗജന്യമായാണ് എയര്‍ ടിക്കറ്റ് ബുക്കിംഗ് ഒരുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ www.odepc.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കും.