ഗുഹയുടെ ആഴങ്ങളില്‍ അവര്‍ ജീവനോടെ ഉണ്ട്; പക്ഷേ പുറത്തെത്താന്‍ ആഴ്ചകളെടുക്കും

Update: 2018-07-03 07:35 GMT

മായെ സായ്: കഠിന പ്രയത്‌നത്തിനും നിലക്കാത്ത പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ ആ 13 പേരെ ജീവനോടെ കണ്ടെത്തി. വെള്ളം നിറഞ്ഞ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ തായ് യൂത്ത് ഫുട്‌ബോള്‍ ടീമിലെ 13 പേരെ ഒമ്പതു ദിവസത്തിന് ശേഷമാണ് രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഇവര്‍ക്കാവശ്യമായ ഭക്ഷണവും വൈദ്യസഹായവും എത്തിച്ചിട്ടുണ്ട്.

മാസങ്ങളോളം കഴിക്കാന്‍ ആവശ്യമായ ഭക്ഷണമാണ് തായ് സൈന്യം എത്തിച്ചിരിക്കുന്നത്. വെള്ളത്തില്‍ മുങ്ങിനീന്തുന്നതിനുള്ള(ഡൈവിങ്) പരിശീലനവും ഇവര്‍ക്ക് നല്‍കുന്നതായി സൈന്യം അറിയിച്ചു. ശക്തമായ മഴ പെയ്യുന്ന കിഴക്കന്‍ തായ്‌വാനിലെ താം ലുവാങ് ഗുഹാ ശൃംഖലയില്‍ കിലോമീറ്ററുകളോളം ഉള്ളിലാണ് ഇവരെ കണ്ടെത്തിയത്.

നിങ്ങള്‍ എത്ര പേരുണ്ട? കഠിന പരിശ്രമത്തിനൊടുവില്‍ സംഘത്തിനടുത്തെത്തിയ സൈനികരോട് പട്ടിണി കിടന്ന ക്ഷീണിച്ച അവരിലൊരാള്‍ 13 എന്ന് പറഞ്ഞപ്പോള്‍ ആഹ്ലാദാരവം മുഴങ്ങി. ഫുട്‌ബോള്‍ ജഴ്‌സിയണിഞ്ഞ് ചെളിയില്‍ പുരണ്ട നിലയിലായിരുന്നു സംഘം. ഡൈവിങ് സംഘം ടോര്‍ച്ചടിച്ചപ്പോള്‍ ദിവസങ്ങള്‍ക്കു ശേഷം വെളിച്ചം കണ്ട അവര്‍ കണ്ണുകള്‍ ഇറുകെ പൂട്ടി.

[embed]https://www.youtube.com/watch?time_continue=7&v=M7HKmMDNsso[/embed]
ഉയര്‍ന്ന കലോറിയുള്ള ജെല്ലുകള്‍, പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ളവ രക്ഷാപ്രവര്‍ത്തകര്‍ ഇവര്‍ക്ക് നല്‍കി. ഗുഹയുടെ പല അറകളും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ ദിവസങ്ങള്‍ നീളുന്ന ഒഴിപ്പിക്കല്‍ പ്രക്രിയക്കാണ് സൈന്യം തയ്യാറെടുക്കുന്നത്.

നാല് മാസത്തേക്കെങ്കിലും ആവശ്യമായ ഭക്ഷണം എത്തിച്ച് നല്‍കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വെള്ളം വറ്റിച്ച് കളയാനുള്ള ശ്രമം തുടരുന്നതിനിടെ 13 പേര്‍ക്കും ഡൈവിങ് പരിശീലനവും നല്‍കും- നേവി ക്യാപ്റ്റന്‍ ആനന്ദ സുരാവന്‍ പറഞ്ഞു.

കനത്ത മഴയും കുത്തിയൊലിച്ച് വരുന്ന പ്രളയ ജലവും ഭീഷണി സൃഷ്ടിക്കുന്നതിനിടെ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിനൊടുവില്‍ 13 പേരും ജീവിച്ചിരിക്കുന്നുവെന്ന വാര്‍ത്ത രാജ്യത്തെയൊട്ടാകെ ആഹ്ലാദത്തിമര്‍പ്പിലാക്കിയിട്ടുണ്ട്. ദിവസവും മഴ പെയ്യുന്നതിനിടെയുള്ള ഈ രക്ഷപ്പെടുത്തലിനെ മിഷന്‍ ഇംപോസിബിള്‍(അസാധ്യമായ ദൗത്യം) എന്നാണ് വിശേഷിപ്പിക്കുന്നതെന്ന് ചിരാങ അ റായ് ഗവര്‍ണര്‍ നരോങ്‌സാക്ക് ഒസോട്ടാനക്കോം പറഞ്ഞു.

ഗുഹയ്ക്കകത്ത് നിരവധി കിലോമീറ്റര്‍ ഉള്ളില്‍ ഇവര്‍ കുടുങ്ങിക്കിടക്കുന്നതെന്ന് കരുതുന്ന സ്ഥലത്ത് നിന്ന് ഏതാണ് 400 മീറ്റര്‍ അകലെയായാണ് തിങ്കളാഴ്ച്ച രാത്രി 10 മണിയോടെ ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ധര്‍ ഇവരെ കണ്ടെത്തിയത്. രക്ഷാ പ്രവര്‍ത്തകരെ കണ്ട ഉടനെ 13 അംഗ സംഘത്തിലൊരാള്‍ വിളിച്ച് കൂവിയത്, ഞങ്ങള്‍ക്ക് വിശക്കുന്നു, നമുക്ക് പുറത്തേക്ക് പോകാനാവുമോ എന്നായിരുന്നു?

10 ദിവസത്തോളം ഭക്ഷണില്ലാതെ ക്ഷീണിച്ച അവസ്ഥയിലായതിനാലും മുങ്ങല്‍ വിദഗ്ധരല്ലാത്തതിനാലും 13 അംഗ സംഘത്തെ പുറത്തെത്തിക്കുക വലിയ പ്രയാസമായിരിക്കുമെന്നാണ് കരുതുന്നത്. ഗുഹകള്‍ പലതും ഇപ്പോഴും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ ഇതിന് ആഴചകളോ ചിലപ്പോള്‍ മാസങ്ങളോ വേണ്ടി വരുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഡൈവിങ് അസാധ്യമാണെന്ന് തെളിഞ്ഞാല്‍, പുറത്തേക്ക് തുരങ്കമുണ്ടാക്കുകയോ അല്ലെങ്കില്‍ വെള്ളം വറ്റുന്നതു വരെ കാത്തിരിക്കുകയോ ചെയ്യേണ്ടി വരും. എന്നാല്‍, ഈ ആഴ്ച മഴ വീണ്ടും കനക്കുമെന്ന ആശങ്ക നിലനില്‍ക്കേ സമയം വളരെ പ്രധാനമാണ്.



എന്ന് പുറത്തെത്തുമെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും അവര്‍ ജീവിച്ചിരിക്കുന്നുവെന്നറിഞ്ഞ് കുടുംബവും കൂട്ടുകാരും ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുകയാണ്. ഇത് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്. കഴിഞ്ഞ 10 ദിവസമായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഇങ്ങിനെയൊരു ദിവസം വരുമെന്ന് ഒരിക്കിലും പ്രതീക്ഷിച്ചില്ല- ചെറുപ്പക്കാരിലൊരാളുടെ പിതാവ് പറഞ്ഞു.

കനത്ത മഴയില്‍ ഗുഹയുടെ പ്രധാന വാതില്‍ അടഞ്ഞതിനെ തുടര്‍ന്ന് വൈല്‍ഡ് ബോര്‍ എന്ന ഫുട്‌ബോള്‍ ടീമിലെ അംഗങ്ങള്‍ ജൂണ്‍ 23നാണ് അകത്ത് കുടുങ്ങിയത്.
Tags:    

Similar News