കോഴിക്കോട്: മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നും ഭരണപക്ഷത്തെ ഒരു എംഎല്‍എയുടെ ഭാര്യ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിനെക്കുറിച്ചും പ്രതികളുടെ എസ്എഫ്‌ഐ ബന്ധത്തെക്കുറിച്ചും പൊലിസ് അന്വേഷിക്കണമെന്നും പി ടി തോമസ് എംഎല്‍എ. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് പി ടി തോമസിന്റെ ഈ വെളിപ്പെടുത്തല്‍.
കൊലപാതകത്തിനു പിന്നില്‍ സിപിഎം ആണെന്ന് ആരോപിച്ച് ഒരു എംഎല്‍എയുടെ ഭാര്യ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. പ്രധാന പ്രതികളെന്നു സംശയിക്കുന്ന രണ്ടു കുട്ടികള്‍ എസ്എഫ്‌ഐയുടെ കൊടിപിടിച്ചു നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വന്നതിനെക്കുറിച്ച് ഇവര്‍ എന്താണ് പ്രതികരിക്കാത്തത്.
അഭിമന്യു വീട്ടില്‍ പോയപ്പോള്‍ ആ കുട്ടിയെ നിരന്തരമായി വിളിച്ചതാരാണെന്നു കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടില്ലല്ലോ. ആ കുട്ടിയുടെ ഫോണ്‍ പരിശോധിച്ചാല്‍ മാത്രം മതി. എംഎല്‍എയുടെ ഭാര്യ ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണ്. കാരണം മഹാരാജാസില്‍ മറ്റ് വിദ്യാര്‍ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ അതിനെ ഏക പാര്‍ട്ടി കാംപസാക്കി മാറ്റിയത് എസ്എഫ്‌ഐയാണ്.
മഹാരാജാസ് കോളജിന്റെ ഹോസ്റ്റല്‍ മുഴുവന്‍ സാമൂഹികവിരുദ്ധരാണെന്ന് പി ടി തോമസ് പറഞ്ഞു. കോളജിന്റെ യൂണിയന്‍ ഓഫിസ് മുഴുവന്‍ ആയുധങ്ങളാണ്. അഭിമന്യുവിന്റെ കൊലപാതകത്തെ ന്യായീകരിക്കുകയല്ല. കാംപസ് ഫ്രണ്ട് പോലുള്ള സംഘടനകളെ അടിച്ചമര്‍ത്തണമെന്ന് തന്നെയാണ് എന്റെ നിലപാട്.
ഈ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് തന്നെയാണ് താന്‍ കരുതുന്നത്. എംഎല്‍എയുടെ ഭാര്യതന്നെയല്ലേ അത് പറഞ്ഞിരിക്കുന്നത്. ഈ പ്രതികള്‍ എറണാകുളത്ത് വന്നത് ആരുടെ സംരക്ഷണയിലാണ് എന്നാണ് അവര്‍ ചോദിക്കുന്നത്. അതിന് വലിയ അര്‍ഥങ്ങളാണുള്ളത്.
എറണാകുളം പട്ടണത്തിന്റെ നടുവില്‍ നടന്നൊരു കൊലപാതകത്തിലെ പ്രതികള്‍ എങ്ങനെയാണ് ഇത്രയെളുപ്പത്തില്‍ പൊലിസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. ആ കുട്ടിയുടെ ഫോണിലേക്ക് വന്ന കോളുകള്‍ ഏതു ഫോണില്‍ നിന്നു പോയതാണെന്ന് പൊലിസ് പറയണം. എന്തോ ഒന്ന് ഇതിന്റെയുള്ളില്‍ ചീഞ്ഞു നാറുന്നുണ്ടെന്നത് വാസ്തവമാണ്.
എസ്എഫ്‌ഐ നേതാക്കള്‍ വര്‍ഗീയതയ്‌ക്കെതിരെ പോരാട്ടം നടത്തുന്നതൊക്കെ നല്ലതു തന്നെ. പക്ഷേ ഞങ്ങളുടെ സഖാവിനെ കൊന്ന ഇത്തരം സംഘടനകളുമായി ഒരു ബന്ധവും ഞങ്ങളുടെ മാതൃപ്രസ്ഥാനമായ സിപിഎം സ്വീകരിക്കരുത് എന്നു പറയാന്‍ എസ്എഫ്‌ഐ നേതാക്കള്‍ക്ക് തന്റേടമുണ്ടോ എന്നും പി ടി തോമസ് ചോദിച്ചു.
എന്‍ഡിഎഫ്, എസ്ഡിപിഐ, കാംപസ് ഫ്രണ്ട് തുടങ്ങിയ സംഘടനകളുമായി കേരളത്തില്‍ ഒരു സഖ്യമോ ധാരണയോ ഉണ്ടാക്കാത്ത പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. അഭിമന്യു കൊല്ലപ്പെട്ടതിനു പിറ്റേന്നാണ് തിരുവനന്തപുരത്ത് വെമ്പായം പഞ്ചായത്തില്‍ ഒരു എസ്ഡിപിഐ മെമ്പറുടെ സഹായത്തോടെ സിപിഎം ഭരണം പിടിച്ചെടുത്തത്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ എന്നാല്‍ സജി ചെറിയാനായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.