ഒരേ സാംസ്‌കാരിക പൈതൃകം

Update: 2016-01-16 18:30 GMT


കേരള സാഹിത്യ അക്കാദമി ഹാളില്‍ ഏതാനും വര്‍ഷം മുമ്പ് 'ഖുര്‍ആന്‍ കത്തിക്കുകയോ?' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത കഥാകാരി കമലാ സുരയ്യ ഇങ്ങനെ പറയുകയുണ്ടായി: 'ഒരേ മണ്ണില്‍ ജനിച്ച കുടുംബാംഗങ്ങളാണ് ഇന്ത്യക്കാരും പാകിസ്താന്‍കാരും. സ്വതന്ത്രഭാരതത്തിന് ഒരു ശത്രു വേണമെന്നു തീരുമാനിച്ചത് ബ്രിട്ടിഷുകാരായിരുന്നു. അവരുടെ തന്ത്രത്തിന് നമ്മുടെ നേതാക്കള്‍ വഴങ്ങിയെന്നത് ഓര്‍ക്കുമ്പോള്‍ മനസ്സ് പ്രക്ഷുബ്ധമാവുന്നു. 'ഭൂരിപക്ഷം ഇന്ത്യക്കാരെ പോലെ തന്നെ പാകിസ്താനികളിലധികവും സൗഹൃദവും സമാധാനവും കൊതിക്കുന്നവരാണ്. യുദ്ധങ്ങളുണ്ടാവുന്നത് ജനങ്ങള്‍ തമ്മിലല്ല. സ്പര്‍ധയും അസ്വസ്ഥതകളും സൃഷ്ടിക്കുന്നത് ജനങ്ങളല്ല, തല്‍പരകക്ഷികളാണ്. അവര്‍ പടച്ചുവിടുന്ന പ്രചാരണങ്ങളില്‍ ജനങ്ങള്‍ കുടുങ്ങിപ്പോവുന്നു എന്നുമാത്രം.
അന്നഹ്ദ എന്ന സംഘടനയുടെ ക്ഷണപ്രകാരം പാകിസ്താന്‍ സന്ദര്‍ശനത്തിനു തയ്യാറെടുക്കവേ പാകിസ്താനിലേക്കോ, 'സൂക്ഷിക്കണം കെട്ടോ' എന്ന് തന്റെ ഒരു ബന്ധു ഉപദേശിച്ചതായി പ്രസിദ്ധ ചരിത്രകാരന്‍ കെ എന്‍ പണിക്കര്‍ ഒരു ലേഖനത്തില്‍ രേഖപ്പെടുത്തുകയുണ്ടായി. ഇന്ത്യക്കാരും പാകിസ്താന്‍കാരും തമ്മില്‍ പങ്കിടുന്ന സ്‌നേഹാദരവുകള്‍ വെളിപ്പെടുത്തുന്ന ചില അനുഭവങ്ങള്‍ പ്രസ്തുത ലേഖനത്തില്‍ അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. യാത്രാസംഘത്തില്‍ തന്നോടൊപ്പമുണ്ടായിരുന്ന നടിയും സംവിധായിക യുമായ നന്ദിതാദാസ് ഒരു കടയില്‍   നിന്നു വറുത്ത ചണ വാങ്ങിച്ചു. കടക്കാരന്‍ മുഹമ്മദലി അതിനു വില വാങ്ങിയില്ല. 'ഇന്ത്യക്കാരായ നിങ്ങള്‍ക്ക് എന്റെ ഉപഹാരം' എന്നായിരുന്നു അദ്ദേഹത്തിന്റെ സ്‌നേഹമസൃണമായ പ്രതികരണമെന്നും ഇന്ത്യക്കാരോടുള്ള അതിരറ്റ സ്‌നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാതെ മുഹമ്മദലി നിശ്ശബ്ദനായി നിന്നുവെന്നും പണിക്കര്‍ ലേഖനത്തില്‍ പറയുന്നുണ്ട്. ലാഹോറില്‍ നില്‍ക്കുമ്പോള്‍ താന്‍ ഡല്‍ഹിയിലല്ല എന്നു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ലാഹോര്‍ ഡല്‍ഹിയുടെ തനിപ്പകര്‍പ്പാണ്, കറാച്ചി ബോംബെയുടെയും എന്നിങ്ങനെ അദ്ദേഹം രേഖപ്പെടുത്തുന്നു.
പാകിസ്താനുമായി നല്ല ബന്ധം പുലര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതു കാരണം പാകിസ്താനനുകൂലി എന്ന് തന്നെ പലരും മുദ്രകുത്തിയതായി ഖുശ്‌വന്ത് സിങ് ആവലാതിപ്പെട്ടിട്ടുണ്ട്. പാകിസ്താനുമായുള്ള സൗഹൃദബന്ധം ഇന്ത്യക്ക് അനുകൂലമായ നടപടിയാണെന്ന് അദ്ദേഹം ശക്തമായി വാദിക്കുകയുണ്ടായി. ജനങ്ങള്‍ തമ്മിലുള്ള സൗഹൃദബന്ധങ്ങളെ നയതന്ത്രജ്ഞതയുടെ മറവില്‍ ക്രൂശിക്കരുതെന്നു പറയുന്ന അദ്ദേഹം തന്റെ വൈകാരികമനോഭാവം ഇങ്ങനെ പ്രകടിപ്പിക്കുന്നു. 'പാകിസ്താനിലെ ഹദാലിയിലാണ് എന്റെ കുടുംബവേര്. അവിടം സന്ദര്‍ശിക്കുമ്പോഴൊക്കെ വികാരതരളിതമാവാറുണ്ട് എന്റെ ഹൃദയം. ഞാന്‍ അപ്പോഴൊക്കെ എന്റെ അമ്മൂമ്മയെ ഓര്‍ക്കും.

 



അയല്‍പക്കങ്ങളിലേക്കും ധര്‍മശാലയിലേക്കും എന്നെ കൈപിടിച്ചു കൊണ്ടുപോയിരുന്ന അമ്മൂമ്മയെ. ഭക്ഷണം പാചകം ചെയ്യുന്ന, പരിസരം വൃത്തിയാക്കുന്ന അമ്മൂമ്മയെ. അവരുടെ ശബ്ദം പാകിസ്താന്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം എനിക്കോര്‍മ വരുന്നു. പാകിസ്താന്‍, ഇന്ത്യ എന്നീ രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്രങ്ങള്‍ക്കപ്പുറമുള്ളതാണ് ഒരേ പൈതൃകവും ഒരേ സംസ്‌കാരവും പങ്കിടുന്ന പാകിസ്താനികളും ഇന്ത്യക്കാരും തമ്മിലുള്ള വൈകാരികവും ജൈവപരവുമായ ബന്ധങ്ങള്‍.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധങ്ങള്‍ സൗഹൃദപൂര്‍ണമാവുകയെന്നത് അവിടങ്ങളിലെ ഭൂരിഭാഗം ജനങ്ങളും പിന്തുണയ്ക്കുന്ന ആശയമാണ്. ഇന്ത്യ ഭദ്രമായ രാജ്യമായി നിലകൊള്ളുക പാകിസ്താന്റെ നിലനില്‍പ്പിന് ആവശ്യമാണ്. പാകിസ്താന്‍ സുരക്ഷിതവും ഭദ്രവുമായ രാജ്യമായി തീരേണ്ടത് ഇന്ത്യയുടെ കൂടി ആവശ്യമാണ്.

പാകിസ്താനെ ഒരു രാജ്യമല്ലാതാക്കിത്തീര്‍ക്കുക ഇന്ത്യയുടെയൊ ഇന്ത്യയെ ദുര്‍ബലമാക്കുക പാകിസ്താന്റെയോ ലക്ഷ്യമാവരുത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പോറലേല്‍പ്പിച്ചിരുന്ന സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും അവസാനിപ്പിക്കുന്നതിനും സൗഹൃദപൂര്‍ണവും സ്വരചേര്‍ച്ചയുള്ളതുമായ ബന്ധം ഊട്ടിയുറപ്പിക്കാനും ഉപഭൂഖണ്ഡത്തില്‍ ശാശ്വതസമാധാനം സ്ഥാപിക്കാനും വേണ്ടി ഇന്ത്യാ ഗവണ്‍മെന്റും പാകിസ്താന്‍ ഗവണ്‍മെന്റും തീരുമാനിച്ചിരിക്കുന്നു എന്ന ഉടമ്പടിയിലാണ് സിംലയില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടത്. ഇത്തരം കരാറുകള്‍ വീണ്ടും ഉണ്ടായി. അവയുടെ ആത്മാവ് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ഭരണകര്‍ത്താക്കളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നാം  ഇന്ത്യക്കാര്‍ ശ്രമിക്കുക.
Tags:    

Similar News