അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്‌കാരം

സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

Update: 2019-11-30 00:53 GMT

ന്യൂഡല്‍ഹി: മലയാളത്തിന്റെ പ്രിയ കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം. സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ ചേര്‍ന്ന സമിതി ഐകകണ്‌ഠ്യേനയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

മലയാളത്തിലെ ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാര ജേതാവാണ് അക്കിത്തം. ജി ശങ്കര കുറുപ് (1965), എസ് കെ പൊറ്റെക്കാട് (1980), തകഴി ശിവശങ്കര പിള്ള (1984), എം ടി വാസുദേവന്‍ നായര്‍ (1995), ഒ എന്‍ വി കുറുപ് (2007) എന്നിവര്‍ക്കാണ് ഇതിനു മുന്‍പ് മലയാളത്തില്‍ നിന്നും പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

ഖണ്ഡകാവ്യമായ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് പ്രധാന കൃതി. ഇത് മലയാള സാഹിത്യത്തിലെ ആദ്യ ലക്ഷണമൊത്ത ആധുനിക കവിതയായാണ് കണക്കാക്കുന്നത്. ഈ കൃതിയില്‍ നിന്നുള്ള വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന വരി ഏറെ പ്രശസ്തമാണ്.

2017ല്‍ പദ്മശ്രീ നല്‍കി അക്കിത്തത്തെ രാജ്യം ആദരിച്ചു. എഴുത്തച്ഛന്‍ പുരസ്‌കാരം, കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ് എന്നിവ കൂടാതെ നിരവധി ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയായ അക്കിത്തം അച്യുതന്‍ നമ്പൂതിരി 43 ഓളം കൃതികള്‍ രചിട്ടിട്ടുണ്ട്. 93ാം വയസ്സിലാണ് അക്കിത്തത്തിന് പുരസ്‌കാരം ലഭിക്കുന്നത്.

Tags:    

Similar News