രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം

Update: 2022-12-08 11:44 GMT

തിരുവനന്തപുരം: 27ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐഎഫ്എഫ്‌കെ) വെള്ളിയാഴ്ച തുടക്കമാവും. നാളെ വൈകീട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാവും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാവും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി മുഖ്യമന്ത്രി ആദരിക്കും.

യാത്രാനിയന്ത്രണങ്ങള്‍ കാരണം മേളയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരി അവാര്‍ഡ് ഏറ്റുവാങ്ങും. ജൂറി ചെയര്‍മാനും ജര്‍മന്‍ സംവിധായകനുമായ വീറ്റ് ഹെല്‍മര്‍ ചടങ്ങില്‍ പങ്കെടുക്കും. ഫെസ്റ്റിവല്‍ ബുക്ക് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി ഗതാഗത മന്ത്രി ആന്റണി രാജുവിന് നല്‍കി പ്രകാശനം ചെയ്യും. മന്ത്രി ജി ആര്‍ അനില്‍ മേയര്‍ ആര്യാ രാജേന്ദ്രന് നല്‍കിക്കൊണ്ട് ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ പ്രകാശനം ചെയ്യും. ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പ് അഡ്വ.വി കെ പ്രശാന്ത് എംഎല്‍എ കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണിന് നല്‍കിയും പ്രകാശനം ചെയ്യും.

ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചിന് പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരി ഉണ്ടായിരിക്കും. സംഗീത പരിപാടിക്കുശേഷം ഉദ്ഘാടനചിത്രമായ ടോറി ആന്റ് ലോകിത പ്രദര്‍ശിപ്പിക്കും. ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്തസംരംഭമായ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനമാണിത്. ആഫ്രിക്കയില്‍ ജനിച്ച് ബെല്‍ജിയം തെരുവുകളില്‍ വളരുന്ന അഭയാര്‍ഥികളായ ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഒമ്പത് മുതല്‍ 16 വരെ എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 78 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ സെര്‍ബിയയില്‍നിന്നുള്ള ആറ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ആദ്യകാല ചലച്ചിത്രാചാര്യന്‍ എഫ്ഡബ്ല്യു മുര്‍ണോ, സെര്‍ബിയന്‍ സംവിധായകന്‍ എമിര്‍ കുസ്തുറിക്ക, അമേരിക്കന്‍ സംവിധായകനും തിരക്കഥാകൃത്തുമായ പോള്‍ ഷ്‌റേഡര്‍, ചിലിയന്‍ഫ്രഞ്ച് സംവിധായകന്‍ അലഹാന്ദ്രോ ജൊഡോറോവ്‌സ്‌കി എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

ജാഫര്‍ പനാഹി, ഫത്തി അകിന്‍, ക്രിസ്‌റ്റോഫ് സനൂസി തുടങ്ങിയവരുടെ ഏറ്റവും പുതിയ ചിത്രങ്ങളും കിം കി ഡൂക്കിന്റെ അവസാനചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കും. തല്‍സമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശബ്ദചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സംവിധായകരുമായി സംവദിക്കുന്ന ഇന്‍ കോണ്‍വെര്‍സേഷന്‍, ഓപണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, മണ്‍മറഞ്ഞ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ്, അരവിന്ദന്‍ സ്മാരക പ്രഭാഷണം, മാസ്റ്റര്‍ ക്ലാസ് തുടങ്ങി നിരവധി പരിപാടികളും മേളയിലുണ്ടായിരിക്കും.

Tags:    

Similar News