ധനുഷ്-സായ് പല്ലവി ജോഡിയുടെ 'റൗഡി ബേബി' ഒരു ബില്ല്യണ്‍ കാഴ്ചക്കാരുള്ള ആദ്യ ദക്ഷിണേന്ത്യന്‍ ഗാനം
ചെന്നൈ: തമിഴ് സൂപര്‍താരങ്ങളായ ധനുഷും സായ് പല്ലവിയും ചേര്‍ന്ന് അഭിനയിച്ച ഹിറ്റ് ഗാനം റൗഡി ബേബി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. യൂ ട്യൂബില്‍ ഒരു ബില്ല്യണ്‍ പേര്‍ കണ്ട ആദ്യ ദക്ഷിണേന്ത്യന്‍ ഗാനമായി ഇത് മാറി. ആരാധകര്‍ നല്‍കിയ പിന്തുണയ്ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ സായ് പല്ലവിയും ധനുഷും നന്ദി അറിയിച്ചു. 'ഇത് മധുരമുള്ള യാദൃശ്ചികതയാണ്. കൊലവറി ഡിയുടെ ഒമ്പതാം വാര്‍ഷികത്തിന്റെ അതേ ദിവസം തന്നെ റൗഡി ബേബി ഒരു ബില്യണ്‍ കാഴ്ചക്കാരെ നേടി. ഒരു ബില്യണ്‍ വ്യൂകളില്‍ എത്തുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ഗാനമാണിതെന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഞങ്ങളുടെ മുഴുവന്‍ ടീമിനും ഹൃദയത്തില്‍ നിന്ന് നന്ദി'-ധനുഷ് പറഞ്ഞു. സായ് പല്ലവി തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് നന്ദി അറിയിച്ചത്. റൗഡി ബേബിയെ സ്വന്തമാക്കിയ എല്ലാവര്‍ക്കും നന്ദിയെന്നും ഒരു ബില്ല്യണ്‍ സ്‌നേഹവും എന്നായിരുന്നു ട്വീറ്റ്.
2018ല്‍ പുറത്തിറങ്ങിയ മാരി 2 എന്ന തമിഴ് സിനിമയിലെ ഗാനങ്ങളിലൊന്നാണ് റൗഡി ബേബി. യുവാന്‍ ശങ്കര്‍ രാജയാണ് ഹിറ്റ് ഗാനം രചിച്ചത്. പ്രഭുദേവ നൃത്തം ചെയ്ത ഗാനം ധനുഷും ധീയും ചേര്‍ന്നാണ് ആലപിച്ചത്.
'റൗഡി ബേബി മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചെന്നും ശതകോടിക്കണക്കിന് കാഴ്ചകളിലെത്തിയെന്നും ആരാധകര്‍ അറിയിച്ചപ്പോള്‍ എനിക്ക് അത്ഭുതം തോന്നി. അല്ലാഹുവിന് സ്തുതി. എല്ലാവരോടും നന്ദി' എന്നായിരുന്നു ഇസ് ലാം സ്വീകരിച്ച സംഗീതജ്ഞന്‍ യുവാന്‍ ശങ്കര്‍ രാജ ട്വിറ്ററില്‍ കുറിച്ചത്.
Dhanush, Sai Pallavi's Rowdy Baby becomes first South Indian song to hit 1 billion views