അയല്‍വാസിയുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് വീടിന് തീവച്ചു
കൊഴുവല്ലൂര്‍ കോടുകുളഞ്ഞി കരോട് കൃഷ്ണാലയത്തില്‍ മധുവിന്റെ വീടാണ് ഇന്നലെ വൈകിട്ട് അഗ്‌നിക്കിരയാക്കിയത്.
ചെങ്ങന്നൂര്‍: അയല്‍വാസിയുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് യുവാവ് വീടിന് തീവച്ചു. കൊഴുവല്ലൂര്‍ കോടുകുളഞ്ഞി കരോട് കൃഷ്ണാലയത്തില്‍ മധുവിന്റെ വീടാണ് ഇന്നലെ വൈകിട്ട് അഗ്‌നിക്കിരയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് അയല്‍വാസിയായ കൊഴുവല്ലൂര്‍ കോടുകുളഞ്ഞി കരോട് പൂമൂട്ടില്‍ കിഴക്കേതില്‍ സന്തോഷി(44)നെ വെണ്മണി പോലിസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇപ്രകാരം:
മധുവിന്റെ വീട് വാസയോഗ്യമല്ലാതെ തകര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പുതിയ ഒരു വീട് അനുവദിച്ചിരുന്നു. ഈ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി അടുത്ത ദിവസം ഗൃഹപ്രവേശം നടത്താനിരിക്കുന്ന വേളയിലായിരുന്നു അത്യാഹിതം. വെറും താല്‍ക്കാലിക ഷെഡ് വച്ച് അതിലായിരുന്നു മധുവും കുടുംബവും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് മദ്യപിച്ചെത്തിയ സന്തോഷ് ഇയാളുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും മധുവിനെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് ഇയാളുടെ താല്ക്കാലിക ഷെഡിന് തീവയ്ക്കുകയാണുണ്ടായത്. ഇതിനകത്ത് ഉണ്ടായിരുന്ന വസ്തുക്കള്‍ മുഴുവന്‍ കത്തി നശിച്ചു.