യുവാവിനെ കൊലപ്പെടുത്തിയ കേസ്: മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടിയ കായംകുളം പോലിസിന് ഉപഹാരം
കായംകുളം ഹൈവേ പാല ബാര്‍ പരിസരത്ത് യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതികളെ അറസ്റ്റുചെയ്തതിനാണ് ഉപഹാരം നല്‍കിയത്.
കായംകുളം: ബാറിന് മുന്നില്‍ കാര്‍കയറ്റി യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മുഴുവന്‍ പ്രതികളെയും പിടി കുടിയ കായംകുളം പോലിസിന് ആലപ്പുഴ ജില്ലാ പോലിസ് മേധാവിയുടെ ഉപഹാരം. കായംകുളം ഹൈവേ പാല ബാര്‍ പരിസരത്ത് യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതികളെ അറസ്റ്റുചെയ്തതിനാണ് ഉപഹാരം നല്‍കിയത്. കരീലക്കുളങ്ങര കരുവറ്റംകുഴി പുത്തന്‍പുരയില്‍ താജുദ്ദീന്റെ മകന്‍ ഷമീര്‍ഖാ (24) നെ ബാര്‍പരിസരത്തുവച്ച് കാര്‍കയറ്റി കൊല്ലപ്പെടുത്തിയ കേസില്‍ നേരിട്ട് പങ്കെടുത്ത കായംകുളം കണ്ണമ്പള്ളിഭാഗം ഐക്യജങ്ഷന്‍ വലിയവീട്ടില്‍ ഷിയാസ് (21), കായംകുളം മാര്‍ക്കറ്റ് പുത്തന്‍കണ്ടത്തില്‍ അജ്മല്‍ (20), എരുവ പടിഞ്ഞാറ് മേനാന്തറയില്‍ സഹില്‍ (21) എന്നിവരെയും ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ കിളിമാനൂര്‍ മഠത്തില്‍കുന്ന് ഈശ്വരിഭവനത്തില്‍ സുഭാഷ് (29), എരുവ പടിഞ്ഞാറ് തുരുത്തിയില്‍ ആഷിക് (24), എരുവ പടിഞ്ഞാറ് പുത്തന്‍കണ്ടത്തില്‍ അജ്മല്‍ (23), കായംകുളം നമ്പലശ്ശേരില്‍ ഫഹദ് (19), ചിറക്കടവ് ആന്റോ വില്ലയില്‍ റോബിന്‍ (23), ചേരാവള്ളി തുണ്ടില്‍ തെക്കതില്‍ ശരത് (19) എന്നിവരെയും അറസ്റ്റുചെയ്തതിനാണ് ആലപ്പുഴ ജില്ലാ പോലിസ് മേധാവി ടോമി കായംകുളം എസ്‌ഐ കെ സുനുമോന് ഉപഹാരം നല്‍കിയത്. ഡിവൈഎസ്പി ആര്‍ ബിനു, സിഐ കെ വിനോദ്, എസ്‌ഐമാരായ കെ സുനുമോന്‍, ജാഫര്‍ ഖാന്‍, ഹരിഹരന്‍, എഎസ്‌ഐ ഇല്ല്യാസ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ സന്തോഷ്, രാജേഷ് ആര്‍ നായര്‍, എസ് ബിനുമോന്‍, ജവഹര്‍, മഹേഷ്, ഷാജഹാന്‍, റോഷിത്ത്, സലിം എന്നിവരടങ്ങുന്ന സംഘമാണ് മൂന്നുദിവസത്തിനുള്ളില്‍ മുഴുവന്‍ പ്രതികളെയും കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളില്‍നിന്ന് പിടികൂടിയത്.