അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന: ദിലീപ് ഉള്‍പ്പടെയുള്ളവരെ ഞായറാഴ്ച മുതല്‍ ചോദ്യം ചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപും മറ്റുള്ളവരും ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണം. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ചിന്റെ ഓഫിസില്‍ ഹാജരാവണമെന്നാണ് നിര്‍ദേശം. മൂന്ന് ദിവസം ഇവരെ ചോദ്യം ചെയ്യും. ഇതുസംബന്ധിച്ച് ദിലീപിനും സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവര്‍ക്കും നോട്ടീസ് നല്‍കി.
രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യുക. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ ചിത്രീകരിക്കും. അതേസമയം, കേസില്‍ ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. എല്ലാ തരത്തിലും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണം. കേസന്വേഷണത്തില്‍ തടസ്സമുണ്ടാക്കിയാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ബുധനാഴ്ച വരെ കേസ് തീര്‍പ്പാക്കുന്നില്ലെന്നും അതുവരെ ദിലീപ് അടക്കമുള്ള ആറ് പ്രതികള്‍ അന്വേഷണവുമായി സഹകരിക്കട്ടെ എന്നുമാണ് കോടതി വ്യക്തമാക്കിയത്.