കൊച്ചി: പെരുമ്പാവൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പിടിയിലായി. പെട്രോള്‍ പമ്പിലെ ജീവനക്കാരായ ബിജു, എല്‍വിന്‍ എന്നിവരാണ് പിടിയിലായത്. ഒരാള്‍ ഇരിങ്ങോള്‍ സ്വദേശിയും മറ്റൊരാള്‍ വേങ്ങൂര്‍ സ്വദേശിയുമാണ്. പുലര്‍ച്ചെയാണ് ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കൊല്ലപ്പെട്ട അന്‍സി (28) ലും കീഴില്ലത്തെ പമ്പില്‍വച്ച് ഒരുസംഘവുമായി തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രി അന്‍സിലിന്റെ വാഹനം പമ്പില്‍ വച്ചതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.
അന്‍സിലിന്റെ വീടിന് തൊട്ടടുത്താണ് പെട്രോള്‍ പമ്പ്. ഇതിന്റെ പ്രതികാരമാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം. ബുധനാഴ്ച രാത്രി പത്തോടെയാണ് കീഴില്ലം പറമ്പില്‍പ്പീടിക സ്വദേശി അന്‍സിലിനെ ഒരുസംഘമാളുകള്‍ വീട്ടില്‍നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നത്. മൊബൈലില്‍ സംസാരിച്ചുകൊണ്ടാണ് അന്‍സില്‍ വീട്ടില്‍നിന്നും പുറത്തേയ്ക്കിറങ്ങിയത്. ഈ സമയം സഹോദരന്‍ ബേസിലും മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു.
കുറച്ചുനേരം കഴിഞ്ഞ് ബേസിലേ എന്നുള്ള വിളി കേട്ട് വീടിന് മുകള്‍ ഭാഗത്തെ റോഡിലെത്തുമ്പോള്‍ അന്‍സില്‍ രക്തത്തില്‍ കുളിച്ച് പാതയോരത്ത് വീണുകിടക്കുന്നതാണ് സഹോദരന്‍ കാണുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയിലും കഴുത്തിലും തോളിലും പുറത്തുമെല്ലാം ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്കാശുപത്രിയിലാണുള്ളത്. കൊലയ്ക്കുശേഷം പ്രതികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തേയ്ക്ക് വെള്ള മാരുതി ആള്‍ട്ടോ കാറും ബൈക്കും അതിവേഗം വരുന്നതും പോവുന്നതും സമീപത്തെ സിസിടിവി കാമറ ദൃശ്യങ്ങളിലുണ്ട്. ഇതും പോലിസ് അന്വേഷണത്തിന് സഹായകമായിട്ടുണ്ട്.