വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ ഏരിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 30ന്

സ്ഥാനാരോഹണ ചടങ്ങില്‍ ഇന്റര്‍ നാഷണല്‍ പ്രസിഡന്റ് മൂണ്‍സാങ് ബോങ്ങ് മുഖ്യാതിഥിയായിരിക്കും.ഈ സംഘടനയുടെ ഈ വര്‍ഷത്തെ പ്രധാന സേവന മേഖലയായി തിരഞ്ഞെടുത്തിരിക്കുന്നത്. 'കാന്‍സര്‍' രോഗികളുടെ പരിചരണവും, സംരക്ഷണവും ചികില്‍സയുമാണ്

Update: 2019-06-26 10:56 GMT

കൊച്ചി : വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ ഏരിയയുടെ ഈ വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂണ്‍ 30ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇന്ത്യ ഏരിയ പ്രസിഡന്റ് കെ സി സാമുവല്‍ അധ്യക്ഷത വഹിക്കുന്ന സ്ഥാനാരോഹണ ചടങ്ങ് മുഖ്യാതിഥിയും ഇന്റര്‍ നാഷണല്‍ പ്രസിഡന്റുമായ മൂണ്‍സാങ് ബോങ്ങ് നെടുമ്പാശ്ശേരി സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ വൈകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആഗോള ട്രഷറര്‍ ഫിലിപ്സ് ചെറിയാന്‍ നിര്‍വ്വഹിക്കും. സ്പെഷ്യല്‍ ബുള്ളറ്റിന്റെ പ്രകാശനം ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ജോസ് വര്‍ഗീസ് നിര്‍വ്വഹിക്കും. ഇന്ത്യ ഏരിയയുടെ ഈ വര്‍ഷത്തെ പ്രസിഡന്റായി വി എ തങ്കച്ചന്‍ (കോലഞ്ചേരി വൈസ് മെന്‍സ് ക്ലബ്), സെക്രട്ടറി ഡോ. ജോസഫ് മനോജ് (കോതമംഗലം സെന്‍ട്രല്‍ വൈസ് മെന്‍സ് ക്ലബ്), ഖജാന്‍ജി ജോമി പോള്‍ (പെരുമ്പാവൂര്‍ വൈസ് മെന്‍സ് ക്ലബ്), ബുള്ളറ്റിന്‍ എഡിറ്റര്‍ പ്രഫ. എന്‍ പി വര്‍ഗീസ് (കോലഞ്ചേരി വൈസ് മെന്‍സ് ക്ലബ്) എന്നിവര്‍ സ്ഥാനമേല്‍ക്കും. ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് നൂറ് അംഗ സമതിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. ചടങ്ങില്‍ പ്രമുഖ സ്പൈസസ് എക്സ്പോര്‍ട്ടര്‍ ഡോ. വിജു ജേക്കബിനെ അവര്‍ഡ് നല്‍കി ആദരിക്കും.

1920ല്‍ ആരംഭിച്ച്, ഇപ്പോള്‍ ജനീവ ആസ്ഥാനമായി 70 രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു സര്‍ക്കാര്‍ ഇതര സാമൂഹ്യ സേവന പ്രസ്ഥാനമാണ് വൈസ്മെന്‍ ഇന്റര്‍നാഷണലെന്ന് പ്രസിഡന്റായി വി എ തങ്കച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ആയിരക്കണക്കിന് ഡയാലിസിസുകള്‍, ഭവന രഹിതര്‍ക്ക് നിരവധി ഭവനങ്ങള്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍, ഭക്ഷണം, മരുന്ന് വിതരണ പരിപാടികള്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സേവന പദ്ധതികള്‍ ദൈനം ദിനം നടത്തി സാമൂഹിക പ്രസ്ഥാനമായി വളര്‍ന്ന ഈ പ്രസ്ഥാനത്തിന്റെ ഈ വര്‍ഷത്തെ പ്രധാന സേവന മേഖലയായി തെരഞ്ഞെടുത്തിരിക്കുന്നത്. 'കാന്‍സര്‍' രോഗികളുടെ പരിചരണവും, സംരക്ഷണവും ചികില്‍സയുമാണ് . ഇന്ത്യയിലെ അഞ്ച് റീജ്യണുകളായ സൗത്ത് വെസ്റ്റ് ഇന്ത്യ, മിഡ് വെസ്റ്റ് ഇന്ത്യ, സൗത്ത് ഇന്ത്യ, വെസ്റ്റ് ഇന്ത്യ, സെന്‍ട്രല്‍ ഇന്ത്യ എന്നിവരുടെ സഹകരണത്തോടെ 40 കോടി രൂപയുടെ പദ്ധതികളാണ് ഈ വര്‍ഷത്തേക്ക് കാന്‍സര്‍ രോഗികള്‍ക്കായി വിഭാവനം ചെയ്തിരിക്കുന്നതെന്നെന്നും വി എ തങ്കച്ചന്‍ വ്യക്തമാക്കി. സെക്രട്ടറി ഡോ.ജോസഫ് മനോജ,് ഖജാന്‍ജി ജോമി പോള്‍, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ ജോസഫ് കോട്ടൂരാന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News