ഇടുക്കി: ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തി. ഡാമില്‍ നിലവില്‍ ഉയര്‍ത്തിയിരിക്കുന്ന ഒരു ഷട്ടര്‍ 40 സെന്റീമീറ്ററില്‍നിന്നും 60 സെന്റീമീറ്ററായാണ് ഉയര്‍ത്തിയത്. ചെറുതോണി ഡാമിന്റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
മുല്ലപ്പെരിയാര്‍ ഡാം തുറന്ന് 12,000 ഘനയടി വെള്ളം തുറന്നുവിടുകയും പദ്ധതി പ്രദേശത്തു മഴ ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇടുക്കി ഡാം രാവിലെ വീണ്ടും തുറന്നത്. ആദ്യം ചെറുതോണി ഡാമിന്റെ ഒരുഷട്ടര്‍ 40 സെന്റീമീറ്ററായി ഉയര്‍ത്തി ജലം തുറന്നുവിട്ടത്. പിന്നീട് രാവിലെ 8.30 മുതലാണ് ഷട്ടര്‍ 60 സെന്റീമീറ്ററായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. മൂന്നാമത്തെ ഷട്ടാറാണ് തുറന്നത്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് ഷട്ടര്‍ തുറക്കുന്നത്.