തളിപ്പറമ്പില്‍ 63.88 കോടി രൂപയുടെ നീര്‍ത്തട പദ്ധതികള്‍ക്ക് തുടക്കമായി

Update: 2020-11-02 15:39 GMT

തളിപ്പറമ്പ്: മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തളിപ്പറമ്പ് മണ്ഡലത്തില്‍ നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി എസ് സുനില്‍കുമാര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ ജലസുരക്ഷ ഉറപ്പുവരുത്തുക, ജലസമ്പത്തിലൂന്നിയുള്ള സമഗ്രകാര്‍ഷിക വികസനം കൈവരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് തളിപ്പറമ്പ് മണ്ഡലത്തില്‍ ജലസമൃദ്ധി പദ്ധതിക്ക് തുടക്കം കുറിച്ചത്. നിഡ(നബാര്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് അസിസ്റ്റന്‍സ്) ധനസഹായത്തോടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് മുനിസിപ്പാലിറ്റികള്‍, ഏഴ് ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ മുന്‍ഗണനാടിസ്ഥാനത്തിലുള്ള ഒമ്പത് സൂക്ഷ്മ നീര്‍ത്തട പ്രദേശങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇതില്‍ അഞ്ച് നീര്‍ത്തടങ്ങള്‍ കുപ്പം പുഴയുടെ കരകളിലും നാലെണ്ണം വളപട്ടണം നദീതടത്തിലും ഉള്‍പ്പെടുന്നു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ എടക്കോം (9.44 കോടി രൂപ), കുറുമാത്തൂര്‍ കാര്യാട് തോട് (5.97 കോടി), പരിയാരം വളയംതോട് (4.05 കോടി), ആന്തൂര്‍ നഗരസഭയിലെ മൊറാഴ (8.35 കോടി), തളിപ്പറമ്പ് നഗരസഭയിലെ തളിപ്പറമ്പ് ടൗണ്‍ (4.11 കോടി). മലപ്പട്ടം ചൂളിയാട് (8.77 കോടി), മയ്യില്‍ വള്ളിയോട്ട് (9.51 കോടി), കൊളച്ചേരി കായച്ചിറ(5.63 കോടി), കുറ്റിയാട്ടൂര്‍ മാണിയൂര്‍ (8.05 കോടി) നീര്‍ത്തടങ്ങളില്‍ പദ്ധതി നടപ്പാക്കും.

    ആകെ 63.88 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഇതില്‍ 41.38 കോടി രൂപ നിഡ ധനസഹായവും 11.78 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. 10.71 കോടി രൂപയുടെ മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ തൊഴിലുറപ്പ് പദ്ധതി മുഖേന നിര്‍വഹിക്കും. സ്വകാര്യ കൃഷിയിടങ്ങളിലെ മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മണ്‍പണി മുഖ്യമായുള്ള ജലാശയങ്ങളുടെ ശുചീകരണ, സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് തൊഴിലുറപ്പിലൂടെ പ്രയോജനപ്പെടുത്തുക. വീടുകളില്‍ കിണര്‍ റീച്ചാര്‍ജ്ജിങ്, പൊതുസ്ഥാപനങ്ങളില്‍ മഴവെള്ള സംഭരണ സംവിധാനം ഒരുക്കല്‍, തോടുകളുടെയും നീര്‍ച്ചാലുകളുടെയും സംരക്ഷണ-പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍, ഫലവൃക്ഷ തൈകളുടെയും ദീര്‍ഘകാല ഇലവര്‍ഗ ചെടികളുടെയും വ്യാപനം, ജലസ്രോതസ്സുകളുടെ വികസനം തുടങ്ങിയവ സംസ്ഥാന- നിഡ ധനസഹായത്തില്‍ ഉള്‍പ്പെടുത്തി നടപ്പാക്കും. ആദ്യഘട്ടമായി കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ പഴശ്ശി, പരിയാരം ഗ്രാമപഞ്ചായത്തിലെ വായാട് നീര്‍ത്തട വികസന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷനായി. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ എസ് സുബ്രഹ്‌മണ്യന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അഗ്രി. ചീഫ് എസ് എസ് നാഗേഷ്, നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ വി മനോജ് കുമാര്‍, മണ്ണ് സംരക്ഷണം അഡീഷനല്‍ ഡയറക്ടര്‍ എസ് ബിജു, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ ടി ഉസ്മാന്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ പങ്കെടുത്തു.

63.88 crore watershed projects started in Taliparamba




Tags:    

Similar News