തലശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രകടനത്തിനു കല്ലേറ്; കടകള്‍ തകര്‍ത്തു
കണ്ണൂരില്‍ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ നടത്തില്ല
കണ്ണൂര്‍: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ചുള്ള സംഘപരിവാര അക്രമങ്ങള്‍ക്ക് അറുതിയില്ല. തലശ്ശേരിയില്‍ നടന്ന ഡിവൈഎഫ്‌ഐ പ്രകടനത്തിന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പരിക്കേറ്റ ജില്ലാ കമ്മറ്റിയംഗം വിനീത, എരഞ്ഞോളി മേഖലാ കമ്മിറ്റിയംഗം സ്‌നേഹ എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. തലശ്ശേരി എവികെ നായര്‍ റോഡ് മലബാര്‍ ഗോള്‍ഡിന് മുന്നിലെരണ്ടു കടകള്‍ ആക്രമിച്ചു. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം സുര്‍ജിത്തിന്റെ പിതാവിന്റെ ജൂബിലി റോഡിലെ കടയും തകര്‍ത്തിട്ടുണ്ട്. അതിനിടെ, ജില്ലയില്‍ പൂര്‍ണമായി സമാധാനം ഉറപ്പാക്കാന്‍ ഉഭയകക്ഷി സമാധാനയോഗത്തില്‍ ധാരണയായി. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സിപിഎം, ബിജെ പി നേതാക്കള്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങളുടെ സാഹചര്യത്തിലായിരുന്നു യോഗം. രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ നടത്തില്ലെന്ന് ഇരു പാര്‍ട്ടികളും സമ്മതിച്ചു. ഈ നിര്‍ദേശം യോഗത്തില്‍ വച്ച് തന്നെ ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ എല്ലാ കീഴ്ഘടകങ്ങള്‍ക്കും നല്‍കി. ജില്ലയില്‍ സമാധാനം ഉറപ്പാക്കാന്‍ എല്ലാ സഹകരണവും നേതാക്കള്‍ ഉറപ്പുനല്‍കി. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവന്‍, ജില്ലാ സെക്രട്ടേറിയറ്റംഗം എന്‍ ചന്ദ്രന്‍, ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, ആര്‍എസ്എസ് ജില്ലാ സഹകാര്യ വാഹക് കെ പ്രമോദ്, ജില്ലാ പോലിസ് മേധാവി ജി ശിവ വിക്രം പങ്കെടുത്തു. അതേസമയം, സമാധാന യോഗത്തില്‍ മാധ്യമങ്ങളെ പങ്കെടുപ്പിച്ചില്ല.