ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ല; കാന്‍സര്‍ രോഗിയെയും സഹോദരനെയും മര്‍ദിച്ചെന്ന് പരാതി

തലശ്ശേരി ബ്രണ്ണന്‍ കോളജ് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ പുളിമ്പറമ്പ് വൈഷ്ണവത്തില്‍ ഗോകുല്‍ കൃഷ്ണ (24), അര്‍ജുന്‍ കൃഷ്ണ (20) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

Update: 2019-11-14 04:23 GMT

കണ്ണൂര്‍: ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കാന്‍സര്‍ രോഗിയെയും സഹോദരനെയും മര്‍ദിച്ചതായി പരാതി. തലശ്ശേരി ബ്രണ്ണന്‍ കോളജ് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ പുളിമ്പറമ്പ് വൈഷ്ണവത്തില്‍ ഗോകുല്‍ കൃഷ്ണ (24), അര്‍ജുന്‍ കൃഷ്ണ (20) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇരുവരെയും തളിപ്പറമ്പിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് പൂക്കോത്തുനടയില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. നട്ടെല്ലിനും അരക്കെട്ടിനും ട്യൂമര്‍ ബാധിച്ച ഗോകുലിന് ബസ് യാത്ര പാടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളതിനാല്‍ കാറിലാണ് യാത്രചെയ്തിരുന്നത്. ബുധനാഴ്ച വൈകീട്ട് ഗോകുലും അര്‍ജുനും കോളജില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വളപട്ടണം പാലത്തില്‍വച്ചാണ് സംഭവത്തിന്റെ തുടക്കം.

തുടര്‍ച്ചയായി ഹോണടിച്ചുവന്ന ഇന്നോവ കാറിന് ഗോകുല്‍ പലതവണ സൈഡ് കൊടുത്തിട്ടും കടന്നുപോയില്ല. ധര്‍മശാലയിലെത്തിയപ്പോഴാണ് കടന്നുപോയത്. പൂക്കോത്തുനടയിലെത്തിയപ്പോള്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് ഗോകുലും അര്‍ജുനും പറയുന്നു. കാന്‍സര്‍ രോഗിയാണെന്ന് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നതായും ഇവര്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് എ പി ഗംഗാധരന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് രതീഷ് തുടങ്ങിയവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് ഗോകുലും അര്‍ജുനും ആരോപിക്കുന്നു. 

Tags:    

Similar News