കണ്ണൂര്‍: നവോത്ഥാന മുന്നേറ്റത്തിനൊപ്പം എകെജിയും അദ്ദേഹം നേത്യത്വം നല്‍കിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും നടത്തിയ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ജാതീയമായ വേര്‍തിരിവ് ഇല്ലാതാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെരളശ്ശേരിയിലെ പള്ളിയത്ത് എ കെ ജി സ്മൃതി മ്യൂസിയത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹിക നേട്ടങ്ങള്‍ക്ക് പിന്നില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ മാത്രമാണ് എന്ന നിഗമനം ശരിയല്ല. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ശക്തമായിരുന്ന പല സംസ്ഥാനങ്ങളിലും പിന്നീട് അതിനനുസരിച്ച മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. സാമൂഹിക പരിഷ്‌കരണത്തിന് നവോത്ഥാന ഇടപെടല്‍ മാത്രം പോരെന്നും മറ്റ് മാര്‍ഗ്ഗങ്ങള്‍ വേണമെന്നും നിശ്ചയമുണ്ടായിരുന്ന ആളായിരുന്നു എകെജി. അതാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കും അദ്ദേഹത്തെ നയിച്ചത്. നാടിനെ മാറ്റിമറിക്കാന്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് കഴിയുമെന്ന് തിരിച്ചറിയുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്ത ജനകീയ നേതാവായിരുന്നു അദ്ദേഹം. കേരളീയ സാമൂഹിക മാറ്റത്തില്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും വഹിച്ച പങ്ക് കൂടിയാണ് എ കെ ജിയെ വായിക്കുമ്പോള്‍ മനസിലാകുക. പുതുതലമുറയ്ക്ക് ഇക്കാര്യമറിയാന്‍ സ്മൃതി മ്യൂസിയം സഹായകമാവും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മക്രേരി വില്ലേജില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 3.21 ഏക്കറിലാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്. പതിനായിരം ചതുരശ്ര അടിയില്‍ ഇരുനില കെട്ടിടവും ആധുനിക മ്യൂസിയ സങ്കല്‍പങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള ഏഴ് ഗാലറികളടങ്ങുന്ന പ്രദര്‍ശന സംവിധാനങ്ങളും ഉള്‍പ്പെട്ടതാണ് സ്മൃതി മ്യൂസിയം. ഇത് സംബന്ധിച്ച് ഒമ്പത് കോടി രൂപയുടെ പദ്ധതി രൂപരേഖ തയ്യാറാക്കി കഴിഞ്ഞു. 11.5 കോടി രൂപ ചെലവിലാണ് ഭൂമി ഏറ്റെടുത്തത്. ഒരു വര്‍ഷത്തിനുള്ളില്‍ മ്യൂസിയം പണി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ എന്നിവര്‍ വിശിഷ്ടാതിഥികളായി. മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ എസ് അബു പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജില്ലാ പഞ്ചായത്തംഗം ചന്ദ്രന്‍ കല്ലാട്ട്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ പ്രമീള, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി ഷീബ, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു, ആര്‍ട്ട് ഗാലറി സൂപ്രണ്ട് പി എസ് പ്രിയ രാജന്‍, മറ്റ് ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
CM lays foundation stone for AKG Smriti Museum in Peralassery