മാട്ടൂല്‍ തീരദേശ കടല്‍ഭിത്തി നിര്‍മാണം; എസ്ഡിപിഐ ജനപ്രതിനിധികള്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കി
കണ്ണൂര്‍: മാട്ടൂല്‍ തീരദേശ കടല്‍ഭിത്തി നിര്‍മാണ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് മാട്ടൂല്‍ ഗ്രാമപ്പഞ്ചായത്തിലെ എസ്ഡിപിഐ ജനപ്രതിനിധികള്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കി. കല്യാശ്ശേരി മണ്ഡലം എംഎല്‍എ എം വിജിനാണ് നിവേദനം നല്‍കിയത്. മാട്ടൂല്‍ ഗ്രാമപ്പഞ്ചായത്ത് തീരദേശ മേഖലയില്‍ സുരക്ഷിതമായൊരു കടല്‍ഭിത്തിയില്ലാത്തതിനാല്‍ വര്‍ഷങ്ങളായി മല്‍സ്യത്തൊഴിലാളി കുടുംബങ്ങളായ പ്രദേശവാസികള്‍ കാലവര്‍ഷക്കാലത്ത് കടല്‍ക്ഷോഭ ഭീഷണിയിലാണ് ജീവിക്കുന്നത്.
പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ ആവശ്യമായ രീതിയില്‍ കടല്‍ഭിത്തി നിര്‍മിക്കാന്‍ 16 കോടി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുകയും ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍, വര്‍ക്ക് ഏറ്റെടുത്ത കമ്പനി ഒരുവര്‍ഷമായിട്ടും കടല്‍ഭിത്തി നിര്‍മാണ പ്രവൃത്തി തുടങ്ങിയിട്ടുപോലുമില്ല.
എംഎല്‍എ അടിയന്തരമായി ഇടപെട്ട് വര്‍ക്ക് ഏറ്റെടുത്ത കമ്പനിയെ വിളിച്ചുവരുത്തി കൂടുതല്‍ കടല്‍ക്ഷോഭ ഭീഷണി അനുഭവപ്പെടുന്ന മാട്ടൂല്‍ സൗത്ത്, മാട്ടൂല്‍ കാക്കടന്‍ച്ചാല്‍ എന്നീ പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ഇടപെടലുണ്ടാവണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
എംഎല്‍എയുടെ മേല്‍നോട്ടത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പ്രായോഗികമായ രീതിയില്‍ കടല്‍ഭിത്തി നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നും ജനപ്രതിനിധികള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിര്‍ സംബന്ധിച്ചു. നിവേദക സംഘത്തില്‍ മാട്ടൂല്‍ ഗ്രാമപ്പഞ്ചായത്ത് എസ്ഡിപിഐ ജനപ്രതിനിധികളായ കെ കെ അനസ്, കെ ഇസ്മീറ, യു സമീന എന്നിവര്‍ സന്നിഹിതരായി.