കണ്ണൂര്‍: കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മൂന്നുപേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പെരളശ്ശേരി സ്വദേശിയായ 34കാരി, ചെറുവാഞ്ചേരി സ്വദേശിയായ 27കാരന്, ഇരിവേരി സ്വദേശിയായ 25കാരന് എന്നിവരാണ് ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ കൊവിഡ് മുക്തരായി ആശുപത്രി വിട്ടവരുടെ എണ്ണം 69 ആയി. ജില്ലയില്‍ ആകെയുള്ള 116 കൊറോണ പോസിറ്റീവ് കേസുകളില്‍ ബാക്കി 47 പേര് വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.
ജില്ലയില്‍ നിലവില്‍ 2681 പേര് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 50 പേര് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 11 പേര് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും മൂന്നു പേര് തലശ്ശേരി ജനറല്‍ ആശുപത്രിയിലും 38 പേര് അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികില്‍സാ കേന്ദ്രത്തിലും 2579 പേര് വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെയായി ജില്ലയില്‍ നിന്നു 3094 സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 2844 എണ്ണത്തിന്റെ ഫലം ലഭ്യമായി. 250 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.