കൊവിഡ് വ്യാപനം, കണ്ണൂര്‍ ജില്ല 'എ' കാറ്റഗറിയില്‍; നിയന്ത്രണം കടുപ്പിക്കുന്നു, പൊതുപരിപാടികളില്‍ 50 പേര്‍ മാത്രം
കണ്ണൂര്‍: കൊവിഡ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയെ കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതലുള്ള എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ജില്ലാ കലക്ടറുടെ പുതിയ ഉത്തരവ്. പുതിയ സാഹചര്യത്തില്‍ ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഉത്തരവിറങ്ങി. പൊതുപരിപാടികള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരമായ ചടങ്ങുകള്‍, മരണ, വിവാഹ ചടങ്ങുകള്‍ എന്നിവയ്ക്ക് ഇനി പരമാവധി 50 പേരെ മാത്രമേ അനുവദിക്കൂ.
ആശുപത്രിയിലെ രോഗികളുടെ എണ്ണം കൂടിയതിനാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ഇനി കണ്‍ട്രോള്‍ റൂം വഴിയാവും. ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളാണ് എ വിഭാഗത്തിലുണ്ടായിരുന്നത്. ഇതിലേക്കാണ് കണ്ണൂരും ഉള്‍പ്പെട്ടത്. അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികളുടെ പ്രവേശനം കണ്‍ട്രോള്‍ റൂം വഴി മാത്രമാക്കി.
നാളെ മുതല്‍ രാവിലെ 8 മണി മുതല്‍ 11 മണി വരെ മാത്രമേ ഒപി പ്രവര്‍ത്തിക്കൂ. പനി ബാധിച്ചെത്തുന്ന രോഗികള്‍ക്കായി പ്രത്യേക ഫീവര്‍ ക്ലിനിക്കും സജ്ജമാക്കിയിട്ടുണ്ട്. 2022 ജനുവരി 1നെ അടിസ്ഥാനമാക്കി, ആശുപത്രി കേസുകള്‍, ഐസിയു കേസുകളിലെ വര്‍ധന എന്നിവ നോക്കിയാണ് നിലവില്‍ സംസ്ഥാനത്തെ ജില്ലകളിലെ കൊവിഡ് നിയന്ത്രണം. ജനുവരി ഒന്നില്‍നിന്നും ആശുപത്രി അഡ്മിഷന്‍ ഇരട്ടിയും, ഐസിയു കേസുകളില്‍ 50 ശതമാനവും വര്‍ധന വന്നാല്‍ കാറ്റഗറി എ, ആശുപത്രി കേസുകളില്‍ കൊവിഡ് കേസുകള്‍ 10 ശതമാനവും, ഐസിയു കേസുകള്‍ ഇരട്ടിയുമായാല്‍ കാറ്റഗറി ബി, ആകെ ആശുപത്രി കേസുകളില്‍ കൊവിഡ് രോഗികളുടെ എണ്ണം 25 ശതമാനം ആയാല്‍ കാറ്റഗറി സി എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.