ആശുപത്രികളില്‍ പ്രവേശനം നിഷേധിച്ചു; ബെംഗളൂരുവില്‍ കണ്ണൂര്‍ സ്വദേശിനി ഓട്ടോയില്‍ പ്രസവിച്ചു
ബെംഗളൂരു: കൊവിഡിന്റെ പേരുപറഞ്ഞ് ആശുപത്രികളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട മലയാളി യുവതി ബെംഗളൂരുവില്‍ ഓട്ടോയില്‍ പ്രസവിച്ചു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയായ 27കാരിയാണ് ഓട്ടോയില്‍ പ്രസവിച്ചത്. ബെംഗളൂരു ഗോരേപാളയയില്‍ താമസിക്കുന്ന ഇവര്‍ പ്രസവവേദനയെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് മാതാവിനും സഹോദരനുമൊപ്പം ആശുപത്രിയിലേക്കു പോയത്. എന്നാല്‍ കൊവിഡിന്റെ പേരില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറായില്ല. കൊവിഡ് കാരണം പുതിയ രോഗികളെ എടുക്കുന്നില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് അഞ്ചോളം ആശുപത്രികളെ സമീപിച്ചെങ്കിലും ഇതേ അവസ്ഥയായിരുന്നു. ഒടുവില്‍ വഴിമധ്യേ സിദ്ധാപുരത്ത് വച്ചാണ് ഓട്ടോറിക്ഷയ്ക്കുള്ളില്‍ യുവതി പ്രസവിച്ചത്. തുടര്‍ന്ന്
മലയാളി സംഘടനകളുടെ സഹായത്തോടെ യുവതിയെ ബെംഗളൂരു കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാവും കുഞ്ഞും സുഖമായിരിക്കുന്നെന്നും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കര്‍ണാടകയിലെ എംഎല്‍എയായ സമീര്‍ അഹമ്മദ് ഖാന്‍ ഇവരെ സന്ദര്‍ശിക്കുകയും ധനസഹായം നല്‍കുകയും ചെയ്തു.