നാദാപുരം: നിക്ഷേപത്തിന്റെ പേരില്‍ ഇടപാടുകാരെ വഞ്ചിച്ചെന്ന പരാതിയില്‍ ഗോള്‍ഡ് പാലസ് ജ്വല്ലറി മാനേജിങ് പാര്‍ട്ണര്‍ അറസ്റ്റിലായി. കുറ്റിയാടി വടയം കുളങ്ങരതാഴ വടക്കേ പറമ്പത്ത് വി പി ഷബീറിനെയാണ് (45) കുറ്റിയാടി പോലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പോലിസില്‍ കീഴടങ്ങിയ ഷബീറിന്റെ അറസ്റ്റ് ഇന്ന് ഉച്ചയോടെയാണ് രേഖപ്പെടുത്തിയത്. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച നൂറോളം പരാതികളാണ് കുറ്റിയാടി പോലിസില്‍ ലഭിച്ചത്.
കുറ്റിയാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിക്കെതിരേ കോടികളുടെ പരാതിയാണ് ഉയര്‍ന്നത്. സ്വര്‍ണവും പണവും തിരികെ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടാണ് നിക്ഷേപകര്‍ പോലിസിനെ സമീപിച്ചിരിക്കുന്നത്. നാലുവര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ജ്വല്ലറി വലിയ വാഗ്ദാനങ്ങള്‍ നല്‍കി ഒട്ടേറെ പേരില്‍നിന്ന് പണമായും സ്വര്‍ണമായും നിക്ഷേപം സ്വീകരിച്ചതായാണ് പരാതി.
ഇതിനുപുറമെ പുറമെ മാസത്തില്‍ പണം നിക്ഷേപിക്കുന്ന പദ്ധതി വഴിയും പലരില്‍നിന്നായി പണം സ്വീകരിച്ചു. കുറച്ചുദിവസമായി ജ്വല്ലറി അടഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിക്ഷേപകര്‍ പരാതിയുമായെത്തിയത്. കല്ലാച്ചിയിലെ ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവര്‍ നാദാപുരം പോലിസിലും സമാനപരാതികള്‍ നല്‍കിയിട്ടുണ്ട്. 25,000 രൂപ മുതല്‍ പണം നഷ്ടപ്പെട്ടവരുണ്ട്.