കമാണ്ടര്‍ അജയ് ശര്‍മയ്ക്കു യാത്രയയപ്പ് നല്‍കി
പ്രമുഖ സഞ്ചാര ഫോട്ടോഗ്രഫര്‍ ഷഹന്‍ അബ്ദുസ്സമദ് പകര്‍ത്തിയ കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദിന്റെ ഫോട്ടോ അറക്കല്‍ കുടുംബാഗംങ്ങള്‍ അദ്ദേഹത്തിന് സമ്മാനിച്ചു
കണ്ണൂര്‍: ഡിഎസ്‌സി കേരള റീജ്യനല്‍ കമാണ്ടര്‍ കേണല്‍ അജയ് ശര്‍മയ്ക്കു അറക്കല്‍ രാജ കുടുംബം യാത്രയയപ്പ് നല്‍കി. രണ്ടുവര്‍ഷത്തെ ഔദ്യോഗിക സേവനം പൂര്‍ത്തിയാക്കി കണ്ണൂരില്‍ നിന്നു മാറുന്ന അദ്ദേഹം പുതിയ സൈനിക ദൗത്യങ്ങളുമായി പഞ്ചാബിലെ അമ്പാലയിലെ ക്യാംപിലാണ് ചുമതലയേല്‍ക്കുക. കണ്ണൂര്‍ സിറ്റിയിലെ അറക്കല്‍ മ്യൂസിയത്തില്‍ രാജ കുടുംബാഗങ്ങള്‍ ഒരുക്കിയ ലളിതമായ യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹം അറക്കല്‍ രാജ കുടുംബം നല്‍കിയ സഹകരങ്ങള്‍ക്ക് നന്ദി അറിയിച്ചു. പ്രമുഖ സഞ്ചാര ഫോട്ടോഗ്രഫര്‍ ഷഹന്‍ അബ്ദുസ്സമദ് പകര്‍ത്തിയ കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദിന്റെ ഫോട്ടോ അറക്കല്‍ കുടുംബാഗംങ്ങള്‍ അദ്ദേഹത്തിന് സമ്മാനിച്ചു. തന്റെ ശേഖരത്തിലെ പ്രശസ്തമായ തെയ്യം ഫോട്ടോ ഷഹന്‍ സമദ് കേണല്‍ അജയ് ശര്‍മയ്ക്കു കൈമാറി. അറക്കല്‍ രാജകുടുംബം പ്രതിനിധികളായി മ്യൂസിയം ചെയര്‍മാന്‍ ആദിരാജ മുഹമ്മദ് റാഫി, ആദിരാജ അബ്ദുല്‍ ഷുക്കൂര്‍, പൈതൃക ഗവേഷണ വിഭാഗം ഡയറക്ടര്‍ മുഹമ്മദ് ശിഹാദ്, ഡിഎസ്‌സി ഓഫിസര്‍ രാജ്‌മോഹന്‍, മ്യൂസിയം പിആര്‍ഒ യാസര്‍ പങ്കെടുത്തു. കണ്ണൂരിലെ രണ്ട് വര്‍ഷത്തെ അനുഭവങ്ങള്‍ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ധന്യമായ കാലമായിരുന്നുവെന്നും കണ്ണൂരിലെ പൈതൃക ഗവേഷണ രംഗത്ത് അറക്കല്‍ രാജകുടുംബം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും തുടര്‍ന്നും ഡിഎസ്‌സിയുടെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.