കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാള്‍ പദവി അനുവദിക്കുക; എസ്ഡിപിഐ നാളെ ഒപ്പ് ശേഖരണം നടത്തും
കണ്ണൂര്‍ : പോയിന്റ് ഓഫ് കാള്‍ പദവിയും ആസിയാന്‍ കൂട്ടായ്മയുടെ ഓപ്പണ്‍ സ്‌കൈ പോളിസിയും കണ്ണൂര്‍ എയര്‍പോര്‍ട്ടിനു അടിയന്തിരമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് മാസ് പെറ്റീഷന്‍ സമര്‍പ്പിക്കും. പ്രധാന കവലകളില്‍ നിന്നും പൊതുജനങ്ങളുടെ ഒപ്പ് ശേഖരിച്ചാണ് പെറ്റിഷന്‍ സമര്‍പ്പിക്കുക . കണ്ണൂരിന്റെ സമഗ്ര വികസത്തിന്റെ പ്രധാന സംരംഭമായ കണ്ണൂര്‍ വിമാനത്താവളത്തെ സംരക്ഷിക്കാനുള്ള സമരത്തില്‍ മുഴുവന്‍ ജനാവിഭാങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പത്ര കുറിപ്പില്‍ അറിയിച്ചു.
മലബാറിലെ സ്വപ്ന വിമാനത്താവളങ്ങളിലൊന്നും വടക്കന്‍ മലബാറിന്റെ വികസനത്തിന് ഏറ്റവും അനുയോജ്യമാവുമെന്ന് കരുതിയ വലിയ പദ്ധതിയാണ് കണ്ണൂര്‍ വിമാനത്താവളം. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞ് മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ യാത്രക്കാരില്ലാതെ വന്‍ പ്രതിസന്ധിയിലൂടെയാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട് കടന്നുപോകുന്നത്. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കുടക് ഭാഗങ്ങളിലെ യാത്രക്കാര്‍ക്കും പുതുചേരി സംസ്ഥാനത്തെ മാഹി യിലെ ജനങ്ങള്‍ക്കും ഏറെ ആശ്വാസമാവുമെന്ന് കരുതിയ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ പോയിന്റ് ഓഫ് കാള്‍ പദവി അനുവദിക്കാത്തത് കാരണം വലിയ പ്രതിസന്ധിയിലായിരിക്കുന്നത്. വിമാന യാത്രാ നിരക്കിലെ വര്‍ധനവും തിരിച്ചടിയാവുകയാണ്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ബഹുഭൂരിഭാഗം പ്രവാസികളും കണ്ണൂര്‍ വിമാനത്താവളത്തെ കൈയൊഴിയുകയാണ്. ഏതാനും വിദേശ രാജ്യങ്ങളും വിമാനക്കമ്പനികളും സര്‍വ്വീസ് നടത്താനുള്ള അനുവാദത്തിനായി കേന്ദ്ര സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയം വൈകിപ്പിക്കുകയാണ്.
ആഭ്യന്തര സര്‍വീസുകള്‍ തന്നെ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് ഇപ്പോഴും നേരിട്ടുള്ള സര്‍വ്വീസ് ഇല്ല. കൈത്തറി ഉള്‍പ്പന്നങ്ങളും കാര്‍ഷിക ഉല്‍പ്പന്നങ്ങളും വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ കണ്ണൂരിന് മികച്ച സാധ്യതയുണ്ടെന്നിരിക്കെ വികസന സാധ്യതകള്‍ പൂര്‍ണമായും തടയുന്നതിനു പിന്നില്‍ നിഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായ ഒരു ശ്രമവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തരമായ സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.