ഹിജാബ് നിരോധനം: മതേതര രാഷ്ട്രീയപ്പാര്‍ട്ടികളും സമൂഹവും മൗനം വെടിയുക- എന്‍ഡബ്ല്യുഎഫ്

Update: 2022-03-18 13:02 GMT

തലശ്ശേരി: ഹിജാബ് നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ പ്രതികരിക്കാത്ത മതേതര രാഷ്ട്രീയ പാര്‍ട്ടികളും സമൂഹവും മൗനം വെടിയണമെന്ന് എന്‍ഡബ്ല്യുഎഫ് പ്രമേയം. തലശ്ശേരി കരുണ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച എന്‍ഡബ്ല്യുഎഫ് കണ്ണൂര്‍ സൗത്ത് ജില്ലാ ഭാരവാഹി പ്രഖ്യാപന സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. സമ്മേളനം സംസ്ഥാന സെക്രട്ടറി ടി ഷാഹിന ഉദ്ഘാടനം ചെയ്തു. ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ക്ലാസില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജികള്‍ കര്‍ണാടക ഹൈക്കോടതി ബെഞ്ച് തള്ളിയ നടപടി ഭരണഘടനാ തത്വങ്ങള്‍ക്കെതിരാണ്.

ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് കര്‍ണാടക ഹൈക്കോടതി വിധിയിലൂടെ സംഭവിച്ചിരിക്കുന്നത്. ഇഷ്ടമുള്ള മതവിശ്വാസം തിരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനും സ്വാതന്ത്ര്യം നല്‍കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്ന ഭരണഘടനയുടെ മൗലിക തത്വങ്ങളെ നിഷേധിക്കുകയാണ് കര്‍ണാടക ഹൈക്കോടതി ചെയ്തിട്ടുള്ളത്. ഭരണഘടനയിലും നീതിനിര്‍വഹണ സംവിധാനങ്ങളിലും ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ തകര്‍ക്കാന്‍ ഈ വിധി കാരണമാവുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങളില്‍ പോലും കൈകടത്തി അവരുടെ ചിഹ്‌നങ്ങളെയും സംസ്‌കാരത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഈ പശ്ചാത്തലത്തില്‍ അതിനെ സാധൂകരിക്കുന്ന വിധി പ്രസ്താവമാണ് കോടതികളില്‍ നിന്നുണ്ടായത്. ഈ വിധിക്കെതിരേ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന മൗനം ഇന്ത്യന്‍ റിപബ്ലിക്കിനെ തകര്‍ക്കാനും ഭരണഘടനയെ അട്ടിമറിക്കാനുള്ള സംഘപരിവാര ശ്രമത്തെ അനുകൂലിക്കുന്നതിന് തുല്യമാണ്. അതിനാല്‍, ഇന്ത്യയിലെ മുഴുവന്‍ മതേതര രാഷ്ട്രീയ സാമുദായിക സംഘടനകള്‍ ഈ കോടതി വിധിക്കെതിരെ മൗനം വെടിഞ്ഞ് പ്രതിഷേധിക്കണമെന്നും ഒറ്റക്കെട്ടായി ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാനും ഇന്ത്യന്‍ റിപബ്ലിക്കിനെ രക്ഷിക്കാനും മുന്നോട്ടുവരണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.





Tags:    

Similar News