കെ റെയില്‍ കല്ലിടല്‍; കണ്ണൂരില്‍ കോണ്‍ഗ്രസ്- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

Update: 2022-04-25 10:03 GMT

കണ്ണൂര്‍: കെ റെയില്‍ കല്ലിടലിനെച്ചൊല്ലി കണ്ണൂരില്‍ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കണ്ണൂര്‍ നഗരത്തില്‍നിന്ന് 10 കിലോമീറ്റര്‍ മാറി നാടാലിലാണ് സംഭവം. ഇന്ന് രാവിലെ സര്‍വേ നടപടികള്‍ പോലിസ് സംരക്ഷണയില്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തുകയായിരുന്നു. ഇവരെ പോലിസ് നീക്കം ചെയ്തതിന് പിന്നാലെ എടക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്ത് സംഘടിച്ചെത്തുകയും സംഘര്‍ഷാവസ്ഥ രൂപപ്പെടുകയുമായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായെങ്കിലും പോലിസ് ഇടപെട്ട് ഇരുകൂട്ടരെയും പിരിച്ചുവിട്ടു. കോണ്‍ഗ്രസ്സുകാരെ കൈയേറ്റം ചെയ്ത രണ്ട് പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തതിനെ ചൊല്ലി സിപിഎം നേതാക്കളും പോലിസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഉച്ചയ്ക്കുശേഷം സര്‍വേ തുടരുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രദേശവാസികളോട് സംസാരിച്ചു. ഇതോടെ പരസ്യമായ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ വീട്ടുകാരാരും തയ്യാറായില്ല. സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ടിടത്തും സംഘടിച്ചതോടെ കൂടുതല്‍ പോലിസ് സ്ഥലത്തേക്കെത്തി.

സംഘര്‍ഷത്തിനും പ്രതിഷേധത്തിനും ഇടയിലും കല്ലിടല്‍ പുരോഗമിക്കുകയാണ്. വികസനത്തിനായി വീടും സ്ഥലവും വിട്ടു കൊടുക്കാന്‍ ആളുകള്‍ തയ്യാറാണെങ്കില്‍ അതിനെ അട്ടിമറിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും കണ്ണൂര്‍ നഗരത്തില്‍ നിന്നുള്ള കോണ്‍ഗ്രസുകാരാണ് പ്രതിഷേധത്തിനായി നാടാലിലേക്ക് വരുന്നതെന്നും സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരേ പ്രതിഷേധിച്ചവരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. മധ്യവയസ്‌കനായ ഒരാളെയാണ് സിപിഎം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്.

പോലിസെത്തിയാണ് ഇയാളെ രക്ഷിച്ചത്. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തരെ പോലിസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരെയും പോലിസ് കസ്റ്റഡിയിലെടുത്തു. കണ്ണൂരില്‍ കെ റെയില്‍ സര്‍വേക്കല്ലുമായെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞിരുന്നു. എടക്കാട് പൊലിസ് സ്റ്റേഷന് മുന്നിലാണ് വാഹനം തടഞ്ഞത്. അതിനിടെ. സര്‍വേ നടത്തണമെന്ന ആവശ്യവുമായി സിപിഎം പ്രവര്‍ത്തകരെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷത്തിന് സമാനമായ സാഹചര്യമുണ്ടായി.

കെ റെയില്‍ പ്രതിഷേധം സംസ്ഥാനത്ത് ശക്തമായി തുടരുകയാണ്. ചാല, എടക്കാട് ഭാഗത്തെ മുഴുവന്‍ കെ റെയില്‍ കുറ്റികളും കഴിഞ്ഞ ദിവസങ്ങളില്‍ പിഴുതെറിഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ നാട്ടിയ 18 ഓളം സര്‍വേ കല്ലുകളാണ് പിഴുതുമാറ്റിയത്. എടക്കാട് ഭാഗത്ത് നാട്ടിയ കുറ്റികളും കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ പിഴുതുമാറ്റിയിരുന്നു. പിന്നീട് ചാല പ്രദേശത്ത് കെ റെയില്‍ സര്‍വേ കല്ല് സ്ഥാപിക്കാനെത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ പ്രതിഷേധം ഭയന്ന് എടക്കാട് ടൗണിനടുത്തേക്ക് സര്‍വേ മാറ്റുകയായിരുന്നു.

Tags:    

Similar News