കെപിസിസി വര്‍ക്കിങ് പ്രസിഡന്റിന്റെ നാട്ടില്‍ ജില്ലാ ഓഫിസ് നിര്‍മാണത്തിന് ഡിസിസി പ്രസിഡന്റ് വീട് വിറ്റു

. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് ജില്ലാ കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന് പണം കണ്ടെത്താന്‍ സ്വന്തം വീട് വിറ്റത്.

Update: 2018-12-20 05:18 GMT

കണ്ണൂര്‍: കെപിസിസി വര്‍ക്കിങ് പ്രസിഡന്റിന്റെ നാട്ടില്‍ ജില്ലാ ഓഫിസ് നിര്‍മാണത്തിന് ഡിസിസി പ്രസിഡന്റ് വീട് വിറ്റു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് ജില്ലാ കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന് പണം കണ്ടെത്താന്‍ സ്വന്തം വീട് വിറ്റത്. ഓഫിസ് നിര്‍മാണവുമായി ബന്ധപ്പെട്ടു പാര്‍ട്ടിക്കുണ്ടായ 39 ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കാനാണ് തളിപ്പറമ്പില്‍ അഞ്ചുവര്‍ഷം മുമ്പ് 40 ലക്ഷം രൂപയ്ക്ക് നിര്‍മിച്ച വീട് 38 ലക്ഷം രൂപയ്ക്ക് വിറ്റത്. കണ്ണൂര്‍ നഗരത്തിലെ കണ്ണായ തളാപ്പ് റോഡിലെ ഡിസിസിയുടെ പഴയ കെട്ടിടം പൊളിച്ച് പുതിയ ഓഫിസ് നിര്‍മാണം തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

പാര്‍ട്ടിയിലെ ഗ്രൂപ്പുകളിയും ആരോപണ-പ്രത്യാരോപണങ്ങളും കാരണം നിര്‍മാണം പലതവണ വൈകി. സുധാകരന്റെ കടുത്ത എതിരാളിയായിരുന്ന പി രാമകൃഷ്ണനു ശേഷം വന്ന കെ സുരേന്ദ്രന്‍ പ്രസിഡന്റായ സമയത്താണ് ഓഫിസ് പൊളിച്ച് പാറക്കണ്ടിയിലെ വാടകകെട്ടിടത്തിലേക്കു താല്‍ക്കാലികമായി മാറിയത്. നേരത്തേ സുധാകരന്‍ വിരുദ്ധ എ ഗ്രൂപ്പുകാരനായിരുന്ന സതീശന്‍ പാച്ചേനി തിരഞ്ഞെടുപ്പ് കാലത്ത് കളംമാറി സുധാകരനൊപ്പം ചേരുകയും പിന്നീട് ഡിസിസി പ്രസിഡന്റാവുകയുമായിരുന്നു. പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ സതീശന്‍ പാച്ചേനി തന്റെ പ്രഥമ ദൗത്യമായി പറഞ്ഞത് പുതിയ ഓഫിസ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു. എന്നാല്‍ ഭരണനഷ്ടവും മറ്റു പ്രശ്‌നങ്ങളും കൂടിയായപ്പോള്‍ പണം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. നേരത്തേ വൈദ്യുതി ബില്ലടയ്ക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. സതീശന്‍ പാച്ചേനി അധ്യക്ഷനായ ശേഷം നിര്‍മാണം തുടരാന്‍ കരാറുകാരനെ ഒഴിവാക്കി നിര്‍മാണം പാര്‍ട്ടി സ്വയം ഏറ്റെടുക്കുകയായിരുന്നു.

ആ സമയത്ത് കരാറുകാരന് കൊടുക്കാനുള്ള ബാധ്യതയായ 60 ലക്ഷത്തില്‍ പകുതി കൊടുക്കുകയും ബാക്കി 39 ലക്ഷം ബാധ്യതയായി നിലനില്‍ക്കുകയും ചെയ്തു. ബില്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ വിദേശത്തും മറ്റും പോയി സഹായം തേടാന്‍ തീരുമാനിച്ചിരുന്നെങ്കിലും 19 ലക്ഷം രൂപയുടെ സിമന്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മാത്രമേ സംഘടിപ്പിക്കാനായുള്ളൂ. ഇതോടെ കരാറുകാരന്റെ ബാധ്യത തീര്‍ക്കാന്‍ വേറെ വഴിയൊന്നുമില്ലെന്നു മനസ്സിലാക്കിയാണ് സതീശന്‍ പാച്ചേനി വീട് വിറ്റത്. മുന്‍ ഡിസിസി പ്രസിഡന്റും ഇപ്പോള്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ കെ സുധാകരന്റെ തട്ടകത്തിലാണ് പാര്‍ട്ടി ഓഫിസിന് ഇത്രയും വലിയ ദുര്‍ഗതി. ഫണ്ട് ലഭ്യമായാല്‍ തിരിച്ചെടുക്കാമെന്ന ധാരണയിലാണ് വീട് വിറ്റതെന്നാണു സൂചന. തുടക്കത്തില്‍ വ്യാപാര സമുച്ഛയമായി ഓഫിസ് നിര്‍മിക്കണമെന്നായിരുന്നു ആവശ്യം. ഇതിനെ ചിലര്‍ എതിര്‍ത്തതിനാല്‍ പാര്‍ക്കിങ് സൗകര്യത്തോടെ 16000 ചതുരശ്ര അടിയില്‍ അധികം വിസ്തീര്‍ണത്തിലാണ് ഓഫിസ് നിര്‍മിച്ചിരിക്കുന്നത്. അടുത്ത റിപ്ലബ്ലിക് ദിനത്തിലെങ്കിലും ഓഫിസ് ഉദ്ഘാടനം ചെയ്യണമെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ജില്ലാ ആസ്ഥാനം ഇല്ലാതിരിക്കുന്നത് കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 

Tags:    

Similar News