ഇടതുവലത് മുന്നണികള്‍ മൃദു ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നു: എ സി ജലാലുദ്ദീന്‍
ഇരിട്ടി: ഇടതുവലത് മുന്നണികള്‍ അധികാരത്തിനു വേണ്ടി സംഘപരിവാരത്തോടൊപ്പം ചേര്‍ന്ന് മൃദു ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍. 'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസത്തെ പ്രതിരോധിക്കാന്‍ ഞങ്ങളാണ് മുന്നിലെന്ന് പറയുന്ന ഇടതുവലത് മുന്നണികള്‍ രാജ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുന്ന ആര്‍എസ്എസ്-ബിജെപി വര്‍ഗീയ രാഷ്ട്രീയത്തിന് അവരാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കി സംഘപരിവാര്‍ വിഭാവനം ചെയ്യുന്ന വിദ്വേഷാധിഷ്ഠിതമായ സാമൂഹിക വിഭജനത്തിനെതിരേ മൗനം പാലിക്കുകയാണ്. ആര്‍എസ്എസ് ഹിന്ദുത്വ ഫാഷിസത്തിനെതിരേ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയത എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറയുമ്പോള്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയണം. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിവിധ ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയത് രാജ്യസഭയില്‍ ഭൂരിപക്ഷമുളള കോണ്‍ഗ്രസിന്റെ മൗന സമ്മതത്തോടെയായിരുന്നു എന്നത് കോണ്‍ഗ്രസിന്റെ ന്യൂനപക്ഷത്തോടുള്ള വഞ്ചനയുടെയും മൃദു ഹിന്ദുത്വത്തിന്റെയും ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
19ാം മൈലില്‍ നിന്ന് ആരംഭിച്ച ജാഥ വെളിയമ്പ്ര, ചാവശ്ശേരി, പെരിയത്തില്‍, നടുവനാട്, കൂരന്‍മുക്ക്, ഉളിയില്‍, പുന്നാട്, കീഴൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണ ശേഷം ഇരിട്ടിയില്‍ സമാപിച്ചു. സമാപന പൊതുയോഗത്തില്‍ എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറി അഷ്‌റഫ് നടുവനാട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സജീര്‍ കീച്ചേരി ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ പി ഫൈസല്‍, മണ്ഡലം ജോയിന്റ് സെക്രട്ടറി സി എം നസീര്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ തമീം പെരിയത്തില്‍, റാഷിദ് ആറളം സംസാരിച്ചു.