പിജെ ആര്‍മി ഇനി റെഡ് ആര്‍മി; ഫേസ്ബുക്ക് പേജിന്റെ പേരും പ്രൊഫൈല്‍ പിക്ചറും മാറ്റി
കണ്ണൂര്‍: പിജെ ആര്‍മി എന്ന ഫേസ്ബുക്ക് പേജിന്റെ പേര് മാറ്റി. റെഡ് ആര്‍മി എന്നാണ് പേജിന് പുതിയ പേര് നല്‍കിയിരിക്കുന്നത്. പ്രൊഫൈല്‍ പിക്ചറായി പി ജയരാജന് പകരം അരിവാള്‍ ചുറ്റികയാണ് പുതുതായി നല്‍കിയിരിക്കുന്നത്. സിപിഎം നേതാവ് പി ജയരാജനെതിരായ വ്യക്തി പൂജ വിവാദത്തിലെ അന്വേഷണം സിപിഎം അവസാനിപ്പിച്ചതിന് പിന്നാലെയാണ് പി ജെ ആര്‍മിയുടെ പേരിനും മാറ്റമുണ്ടായിരിക്കുന്നത്. 2019 മെയ് 10നാണ് പേജ് രൂപീകരിച്ചത്. വോട്ട് ഫോര്‍ പിജെ എന്ന പേരിലായിരുന്നു ജയരാജന്‍ ഫാന്‍സുകാര്‍ ചേര്‍ന്ന് പേജുണ്ടാക്കിയത്.
എന്നാല്‍, പിന്നീട് ജയരാജന്റെ പേരില്‍ ആര്‍മി ഉണ്ടായത് പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ജയരാജന്‍ ഇതിനെ തള്ളിപ്പറയുകയും ചെയ്തിരുന്നു. 'പിജെ ആര്‍മി എന്ന പേരില്‍ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളില്‍ ഗ്രൂപ്പുകളുണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങള്‍ക്ക് ഞാനുമായി യാതൊരു ബന്ധവുമില്ല' എന്നായിരുന്നു 2021 മാര്‍ച്ച് 6ന് പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.
തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാര്‍ട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണെന്നും അന്ന് ജയരാജന്‍ പഞ്ഞിരുന്നു. ഇപ്പോള്‍ രണ്ടുവര്‍ഷത്തിന് ശേഷം വീണ്ടും പേര് മാറ്റിയിരിക്കുന്നു. ആകാശ് തില്ലങ്കേരിയുടെയും അര്‍ജുന്റെയും നിയന്ത്രണത്തിലാണ് പേജെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് കാലത്തടക്കം സിപിഎം ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും പേജിന്റെ പേര് മാറ്റിയിരുന്നില്ല.
അന്ന് ജയരാജന് പകരം പിണറായി വിജയന്റെ ഫോട്ടോ ഇട്ടിരുന്നുവെങ്കിലും പേര് മാറ്റിയിരുന്നില്ല. കുട്ടികള്‍ മോശം വഴിയിലേക്ക് നിങ്ങിയാല്‍ മാതാപിതാക്കളെ കുറ്റം പറയരുതെന്ന ഫേസ്ബുക്ക് പോസ്റ്റുമായി ഇന്നലെ രാത്രി പി ജയരാജന്‍ വന്നതിന് പിന്നാലെയാണ് പിജെ ആര്‍മി പേജ് റെഡ് ആര്‍മി എന്ന പേര് മാറ്റിയത്. പേജിനെ ഫോളോ ചെയ്തിരുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. പക്ഷെ, പേജിലിപ്പോഴും ജയരാജനെ പ്രകീര്‍ത്തിക്കുന്ന പഴയ ഫോട്ടോകളും പോസ്റ്റുകളുമുണ്ട്.